road

ചങ്ങനാശേരി : ചിതറിക്കിടക്കുന്ന ഉരുളൻകല്ലുകൾക്ക് മുകളിലൂടെയുള്ള യാത്രയിൽ അപകടം വരാതിരുന്നാൽ ഭാഗ്യം. പൊട്ടിപ്പൊളിഞ്ഞ ഇളങ്കാവ് റോഡിലൂടെയുള്ള യാത്ര ഏതൊരാളുടെയും പേടിസ്വപ്നമാണ്. അപകടത്തിൽപ്പെടുന്നതിലേറെയും ഇരുചക്രവാഹനയാത്രക്കാരാണ്. കല്ലുകടവ് ബാങ്കിന് സമീപവും ചാലച്ചിറ പഴയ പമ്പ് ഹൗസിനു സമീപവും ടാറിംഗ് പൂർണമായും ഇളകിമാറി മാറിയ നിലയിലാണ്. ചാലച്ചിറ മുതൽ പടിഞ്ഞാറേതിൽപടി വരെയുള്ള ഭാഗമാണ് പൂർണമായും തകർന്ന് കിടക്കുന്നത്. ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്ക്, മലകുന്നം ഹയർസെക്കൻഡറി സ്‌കൂൾ, മലകുന്നം ഗവ.എൽ.പി സ്‌കൂൾ, മലകുന്നം സർവീസ് സഹകരണ ബാങ്ക്, എം.സി റോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടന്നു പോകുന്നത് ഇതുവഴിയാണ്. ഏതാനും വർഷം മുൻപ് റോഡിലെ വീതികുറഞ്ഞ ഭാഗത്തെ കുഴിയിൽ വീണ് സ്വകാര്യബസ് അപകടത്തിൽപ്പെട്ടിരുന്നു.

കല്ലുകടവിൽ നിന്നു ചാലച്ചിറയിലേക്ക് അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ ഗട്ടറിൽ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിയാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തിത്താനം ഇളങ്കാവ് ഗജമേളയ്ക്ക് മുന്നോടിയായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനലക്ഷങ്ങൾ വരുന്ന തന്ത്രപ്രധാനമായ റോഡാണിത്.