ചങ്ങനാശേരി : ഞാലിയാകുഴി ജംഗ്ഷൻ വളവിൽ സ്ഥാപിച്ചിരിക്കുന്ന ദിശാസൂചികകൾ കാട് കയറി നശിക്കുന്നത് ദീർഘദൂര യാത്രികരെ വലയ്ക്കുന്നു. ദിശാസൂചിക ബോർഡുകൾ സ്ഥാപിച്ച് കഴിഞ്ഞാൽ ഇത് സംരക്ഷിക്കുന്ന കാര്യത്തിൽ അധികൃതർ താത്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വളവുള്ള ഈ വഴിയിൽ റോഡരികിൽ കാടുകയറുന്നതിനാൽ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാട് വളർന്ന ഭാഗങ്ങളിൽ മാലിന്യം തള്ളുന്നതായും പുല്ലുകൾക്കിടയിലേക്ക് മദ്യകുപ്പികൾ എറിയുന്നതായും പരാതിയുണ്ട്.
തുരുമ്പെടുത്ത് നശിച്ച ഇലക്ട്രിക് പോസ്റ്റുകൾക്ക് പകരം മാറ്റി സ്ഥാപിക്കാനായി കൊണ്ടുവന്നിരിക്കുന്ന പുതിയ പോസ്റ്റുകളും ഇവിടെ കാട് മൂടിയ നിലയിലാണ്. വളവിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ട്രാൻസ്‌ഫോമറിലും കാട് കയറിയിരിക്കുന്നു. റോഡരികിൽ നിന്നിരുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റിയതിന്റെ ഭാഗങ്ങളും ഇവിടെ ഉപേക്ഷിച്ച നിലയിലാണ്. വീതിയില്ലാത്ത റോഡിൽ ഇവ ഉപേക്ഷിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഇതു തടസം സൃഷ്ടിക്കുന്നുണ്ട്. ഇഴജന്തുക്കളുടെ ശല്യവും ഈ ഭാഗത്തുള്ളതിനാൽ രാത്രികാലങ്ങളിൽ ഇതുവഴിയുള്ള സഞ്ചാരം ഭീതികരമാണെന്നും യാത്രക്കാർ പറയുന്നു. ദിശാസൂചികകളടക്കം കാടു കയറുമ്പോൾ ഇത് സംരക്ഷിക്കാനാവശ്യമായ നടപടികൾ എടുക്കാൻ അധികൃതർ തയ്യാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.