കോട്ടയം : പയ്യപ്പാടി വെട്ടത്ത് വീട്ടിലേയ്ക്ക് അവസാനമായി ജൂണിയ എത്തുമ്പോൾ ഉറ്റവരും ഉടയവരും വാവിട്ട് കരഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ആഹ്ളാദമായി പാലുകാച്ചൽ നടത്തേണ്ട വീട്ടിൽ തൂവെള്ള പുതച്ച് തണുത്തു മരവിച്ച് കിടന്ന ജൂണിയയുടെ അരികിൽ കണ്ണീരോടെ ഭർത്താവ് സോണി പിഞ്ചു കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് വിതുമ്പി. മക്കളായ നിയയെയും ബോവസും അമ്മയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ കരഞ്ഞു തളർന്നിരിക്കുമ്പോൾ ആശ്വസിപ്പിക്കാൻ ചുറ്റുമുള്ളവർ പാടുപെട്ടു. ഞായറാഴ്ച വൈകിട്ട് പയ്യപ്പാടിക്ക് സമീപം വാഹനാപകടത്തിൽ മരിച്ച മന്ദിരം ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ജൂണിയ സൂസൻ ഐപ്പിന് (32) നാടൊന്നായി വെള്ളിക്കുട്ട ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം ഒരുക്കി. നിർമാണം നടക്കുന്ന വീട്ടിൽ നിന്ന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് ജൂണിയയെ മരണം കവർന്നത്. ഗൃഹപ്രവേശന ചടങ്ങുകളുടെ ഭാഗമായി നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുന്നതിന്റെ ഓട്ടത്തിലായിരുന്നു ജൂണിയും സോണിയും. പരിക്കേറ്റ് ചികിത്സയിലായിരുന്ന സോണിയോട് കഴിഞ്ഞ ദിവസമാണ് ജൂണിയ മരിച്ച വിവരം അറിയിച്ചത്. സ്കൂട്ടറിൽ ഇടിച്ചെന്ന് പറയുന്ന വാഹനം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.