പാലാ : ജനറൽ ആശുപത്രിയിലെ സൂപ്രണ്ടിനെക്കൊണ്ടു ഞങ്ങൾ തോറ്റു ! തിരക്ക് കുറഞ്ഞ ഏതെങ്കിലും സ്ഥലത്തേയ്ക്ക് സൂപ്രണ്ടിനെ എത്രയും വേഗം മാറ്റിയാൽ വളരെ ഉപകാരമായേനേ...പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ഭരണ - പ്രതിപക്ഷ കൗൺസിലർമാരുടെ പരിദേവനമാണിത്. ഇതു സംബന്ധിച്ച് ഭരണപക്ഷത്തെ ബിജു പാലൂപ്പടവിലും , മുൻ ചെയർപേഴ്‌സൺ അഡ്വ.ബെറ്റി ഷാജുവും ചേർന്നവതരിപ്പിച്ച പ്രമേയം ഉടൻ സർക്കാരിലേക്ക് അയക്കും. ആരോഗ്യമന്ത്രിയെ ഉടൻ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിക്കാനും തീരുമാനമായി.
നിലവിൽ കോടികളുടെ വികസനപ്രവർത്തനങ്ങൾ ജനറൽ ആശുപത്രിയിൽ നടന്നുവരികയാണ്. പാലായിലും പരിസരപ്രദേശങ്ങളിൽ നിന്നും മാത്രമല്ല, ഇടുക്കി ജില്ലയിൽ നിന്നു പോലും രോഗികൾ എത്തുന്നുണ്ട്. എന്നാൽ വികസന കാര്യങ്ങൾ ഏകോപിപ്പിക്കുകയും, ആശുപത്രിയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ട സൂപ്രണ്ടിന്റെ അനങ്ങാപ്പാറ നയം അപലപനീയമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. ജനറൽ ആശുപത്രിയുടെ പ്രവർത്തനം ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് അധ:പതിക്കുകയാണ്. ആശുപത്രി വികസന സമിതിയെടുക്കുന്ന തീരുമാനം സൂപ്രണ്ട് നടപ്പാക്കുന്നില്ല. സൂപ്രണ്ടിനെ ശാസിച്ചിട്ടോ, മറ്റ് നടപടികൾ എടുത്തിട്ടോ ഒരു കാര്യവുമില്ല, പകരം എത്രയും സ്ഥലം മാറ്റി ജനറൽ ആശുപത്രിയെ 'രക്ഷപ്പെടുത്തണം'. പുതിയ സൂപ്രണ്ടിനെ ഉടനടി നിയമിക്കുകയോ, നിലവിലെ ആർ.എം.ഒ ഡോ.അനീഷ് കെ. ഭദ്രന് സൂപ്രണ്ടിന്റെ ചുമതല കൊടുക്കുകയോ വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇതിനെ പ്രതിപക്ഷാംഗങ്ങളും പിന്തുണച്ചു. പ്രമേയത്തിന്റെ കോപ്പി കെ.എം.മാണി എം.എൽ.എ, ജോസ് കെ.മാണി എം.പി എന്നിവർക്കു നൽകാനും തീരുമാനിച്ചു.
മനപ്പൂർവം വീഴ്ച വരുത്തിയിട്ടില്ല
ജനറൽ ആശുപത്രിയുടെ ഒരു വികസനകാര്യത്തിലും മനപ്പൂർവം വീഴ്ച വരുത്തിയിട്ടില്ലെന്ന് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ബിൻസി കേരളകൗമുദിയോട് പറഞ്ഞു. എല്ലാ കാര്യങ്ങളും പറ്റുന്നതു പോലെ ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ജനറൽ ആശുപത്രിയുടെ ചുമതലയുള്ള നഗരസഭാധികൃതർ തനിക്കെതിരെ തിരിഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.