പാലാ : നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷാംഗങ്ങൾ തമ്മിലുയർത്തിയ ബഹളങ്ങൾക്കിടയിൽ പാലാ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ബാസ്‌ക്കറ്റ് ബാൾ കോർട്ട് നിർമ്മിക്കാൻ അനുമതി. പരാതികൾ അവഗണിച്ച് കോർട്ട് നിർമ്മിക്കാൻ നഗരസഭാധികൃതർ നീക്കം നടത്തുന്ന വിവരം ' കേരളകൗമുദി ' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കോർട്ടിനായി ചെയർപേഴ്‌സനെ ഭീഷണിപ്പെടുത്തിയ ആളിന്റെ പേര് വെളിപ്പെടുത്തണമെന്ന് ഭരണപക്ഷത്തെ ടോണി തോട്ടം ആവശ്യപ്പെട്ടെങ്കിലും ആളെ എല്ലാവർക്കും അറിയാം, സഭയിൽ പേര് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നായിരുന്നൂ ചെയർപേഴ്‌സന്റെ മറുപടി.
തന്റെ ഭർത്താവാണ് ഭീഷണിപ്പെടുത്തിയതെങ്കിൽ അപ്പോൾ തന്നെ പകരം വീട്ടണമായിരുന്നുവെന്ന ഒരു വനിതാ കൗൺസിലറുടെ അഭിപ്രായം ഭരണ-പ്രതിപക്ഷഭേദമെന്യേ യോഗത്തിൽ ചിരി പടർത്തി. ഒൻപതു മാസം മുൻപ് തീരുമാനിച്ച കാര്യം ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ടു വന്നതിനു പിന്നിൽ ആരാണെന്ന് അറിയാമെന്ന ഭരണപക്ഷത്തെ ബിജു പാലൂപ്പടവിലും ഒളിയമ്പെയ്തു. പാർക്കിംഗ് ഗ്രൗണ്ടിൽ ബാസ്‌ക്കറ്റ് ബാൾ കോർട്ട് നിർമ്മിക്കുന്നതിന് നിയമതടസമുണ്ടോയെന്ന ചെയർപേഴ്‌സന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ മുനിസിപ്പൽ എൻജിനിയർക്കുമായില്ല. ഒടുവിൽ ഭൂരിപക്ഷ അഭിപ്രായപ്രകാരം കോർട്ടിന് യോഗം അനുമതി നൽകുകയായിരുന്നു.