rail2

കുറുപ്പന്തറ : ഇപ്പം ശര്യാക്കും ...ശരിയാക്കി വന്നപ്പോൾ റെയിൽവേ മാഞ്ഞൂർ നിവാസികൾക്ക് വഴിയില്ലാതാക്കി. വർഷം ഒന്നാകാൻ പോകുവാ റെയിൽവേ മേൽപ്പാലം ഉയർന്നോ എന്ന് ചോദിച്ചാൽ ദേ കണ്ടില്ലേ ! രണ്ടറ്റവും കൂട്ടിമുട്ടിക്കാതെ റെയിൽവേയുടെ ഈ പാലം വലിയിൽ നാട്ടുകാർ ശരിക്കും മടുത്തു. ഇനി കോതനല്ലൂർ വഴി കറങ്ങിപ്പോകത്തില്ലേയെന്ന് ആരും പറഞ്ഞുവരരുത്. ആ വഴിയും അടച്ചു. കുറുപ്പന്തറ റെയിൽവേഗേറ്റ് കടന്ന് എം.സി റോഡിലേക്ക് എത്താമെന്ന് വിചാരിച്ചാൽ അത് ഒരു പരീക്ഷണമാണ്. സദായസമയം ഗേറ്റ് അടയ്ക്കും. ട്രെയിൻ കടന്നു പോയാൽ ഉയരണേൽ വീണ്ടും കാത്തിരിപ്പ്. തുരുതുരാ അടയ്ക്കുന്ന റെയിൽവേ ഗേറ്റുകളിൽ കാത്തുകിടന്നവർക്കും മറുവഴി തേടിയവർക്കും പറയാൻ ഒരുപാടുണ്ട്. സഹികെട്ട് പലരും ചോദിച്ചു തുടങ്ങി ഇനി ആകാശയാത്ര നടത്തണോ. പാതയിരട്ടിപ്പിക്കൽ ജോലി വരുത്തിവച്ചത് വല്ലാത്തൊരു പൊല്ലാപ്പാണ്.

എം.എൽ.എയും എം.പിയും ഇനിയും ഇവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്. അറ്റകൈപ്രയോഗമായി ജനകീയകൂട്ടായ്മ രൂപീകരിച്ച് സമപരിപാടികൾക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാർ. 'പാലംവലിയിലൂടെ മാഞ്ഞൂരിലെ വഴി നഷ്ടമായവർക്ക് വഴിതേടി" യുള്ള ജനകീയ സമരം. സ്ഥലം എം.എൽ.എയ്ക്കും എം.പിയ്ക്കുമെതിരെയാണ് ജനരോക്ഷം ശക്തമായിരിക്കുന്നത്. കുറുപ്പന്തറ മേൽപ്പാലം നിർമ്മാണഘട്ടത്തിലേക്കെത്തുമ്പോൾ മാഞ്ഞൂരിലെ പാലവും അപ്രോച്ച് റോഡും പൂർത്തിയാകേണ്ടത് അത്യന്താപേക്ഷിതമാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും പതിനായിരക്കണക്കിന് തദ്ദേശവാസികളും ആശ്രയിച്ചിരുന്ന പാലമാണ് എങ്ങുമെത്താതെ ഇങ്ങനെ കിടക്കുന്നത്. കുട്ടികൾ അടക്കം റെയിൽവേ ലൈൻ കടന്നാണ് സ്കൂളുകളിലേക്ക് പോകുന്നത്. ഇത് അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയുണ്ട്. ഭീതി കാരണം ചെറിയകുട്ടികളെ രക്ഷിതാക്കൾ നേരിട്ട് സ്കൂളുകളിൽ കൊണ്ടുവിടുകയാണ്. ഇനിയും എത്രനാൾ ഇങ്ങനെയെന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.

നിലവിലെ അവസ്ഥയിങ്ങനെ

പാലത്തിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായി

നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു

മറുവശത്ത് ട്രാക്കിംഗ് നിരത്തൽ നടക്കുന്നു

കൂറ്റൻ ബീമുകൾക്കടിയിലൂടെ നടന്നുപോകണം

ചാർജ് ചെയ്ത ഇലക്ട്രിക് വയറുകൾ അലക്ഷ്യമായി ഇട്ടിരിക്കുന്നു

''ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സ്കൂൾ യാത്രകൾ, അടിയന്തരഘട്ടത്തിലെ ആശുപത്രി യാത്രകൾ, ജോലി കഴിഞ്ഞ് രാവോടടുക്കുമ്പോൾ എത്തുന്ന ഞങ്ങളുടെ സഹോദരങ്ങൾക്ക് ഭയരഹിതമായി മറുകരയെത്താൻ ഒരു നടവഴിപോലുമില്ല. ഈ വസ്തുത രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങൾ എന്നാണ് മനസിലാക്കുക. മാഞ്ഞൂരിനോടുള്ള ഇരട്ടത്താപ്പ് എം.എൽ.എയും എം.പിയും അവസാനിപ്പിക്കണം. ""

അനിൽകുമാർ, പ്രദേശവാസി