road

തലയോലപ്പറമ്പ് : കുഴികൾ നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള നരക യാത്രയ്ക്ക് പരിഹാരമായി തലപ്പാറ - സിലോൺ കവല റോഡ് കഴിഞ്ഞ ദിവസം അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കി.മൂ ന്ന് വർഷം മുൻപ് കടുത്തുരുത്തി പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് വെട്ടി പൊളിച്ചതോടെയാണ് റോഡ് താറുമാറായത്. കോട്ടയം ഭാഗത്ത് നിന്നും എറണാകുളത്തേക്കും തിരിച്ചും പോകുന്ന ആയിരക്കണക്കിന് വാഹനങ്ങളുടെ എളുപ്പമാർഗമായിരുന്നു ഈ റോഡ്. ടൗണിൽ കയറാതെ തന്നെ സിലോൺ കവലയിൽ എത്തിച്ചേരുവാൻ സാധിക്കുമെന്നതിനാൽ സർവീസ് ബസ്സുകൾ ഒഴിച്ചുള്ള മറ്റ് വാഹനങ്ങൾ ഈ വഴിയാണ് കൂടുതലായി ആശ്രയിക്കുന്നത്.റോഡിന്റെ ഇരുവശങ്ങളിലുമുള്ള താഴ്ചയുള്ള കുഴികളിൽ വാഹനങ്ങൾ അരിക് ചേർക്കുമ്പോൾ വീഴുന്നത് നിത്യസംഭവമായതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതപൂർണ്ണമായിരുന്നു. റോഡിലെ യാത്രാദുരിതത്തെ സംബന്ധിച്ച് കഴിഞ്ഞ 20 ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. അതെ സമയം വർഷങ്ങളായി ടാർ ചെയ്യാതെ കിടക്കുന്ന തലപ്പാറ- തൃക്കരായിക്കുളം - സിലോൺ കവല റോഡ് അറ്റകുറ്റപണികൾ നടത്താതെ പൂർണ്ണമായി റീ ടാർ ചെയ്യണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാണ്.