ചങ്ങനാശ്ശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലുള്ള കാഞ്ഞിരത്തുംമൂട്-വില്ലേജ് റോഡിലെ പൊടിശല്ല്യം യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. കടുത്ത വേനൽ ആയതോടുകൂടി റോഡിൽ പൊടിയുടെ ശല്യം വർദ്ധിച്ചു തുടങ്ങി. ഇത് മൂലം നവജാതശിശുക്കളും വയോജനങ്ങളും കടുത്തശ്വാസംമുട്ടലിനെ അഭിമുഖീകരിക്കുകയാണ്. വീടുകൾക്കുള്ളിൽ വരെ പൊടിയെത്തുന്നതുമൂലം വീട് ദിവസവും വെള്ളംഉപയോഗിച്ച് തുടയ്ക്കേണ്ടിവരുന്നതായി വീട്ടമ്മമാർ പറയുന്നു. ശങ്കരപുരം റെയിൽവേ മേൽപ്പാലം പണി മന്ദഗതിയിൽ നീങ്ങുന്നതുമൂലം കഴിഞ്ഞ ഒരു വർഷക്കാലമായി പുളിമൂട്-കാലായിപ്പടി റോഡിലൂടെ വരുന്ന വാഹനങ്ങൾ എം.സി. റോഡിലേക്ക് പോകുന്നതിനായി വില്ലേജ് ആഫീസിനു സമീപമെത്തി, കാഞ്ഞിരത്തുംമൂട് റോഡിലൂടെ വന്ന് പ്ലാമൂട് വഴി എം.സി. റോഡിലെത്തിയാണ് പോകുന്നത്. ഇതുമൂലം കാഞ്ഞിരത്തുംമൂട് റോഡിലെ വാഹനങ്ങളുടെ എണ്ണം കൂടുകയും ഒപ്പം റോഡിലെ പൊടിശല്യവും കൂടി. ജനങ്ങളുടെ നിരന്തരം ആവശ്യപ്പെടൽ മൂലം റോഡിന്റെ എസ്റ്റിമേറ്റ് എടുത്തതായി കഴിഞ്ഞ ഗ്രാമസഭയിൽ ഭരണസമിതിയംഗങ്ങൾ അറിയിച്ചെങ്കിലും ഈ സാമ്പത്തിക വർഷം തീരാൻ ഇനി ഒരുമാസം മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ റോഡിന്റെ ഭാവിയും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. റോഡ് കോൺക്രീറ്റ് ചെയ്യുന്നതുവരെയെങ്കിലും പൊടിശല്യം ഒഴിവാക്കാനായി രാവിലെയും വൈകുന്നേരവും റോഡിൽ വെള്ളം തളിക്കാനുള്ള മാർഗ്ഗം ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്നും അതോടൊപ്പം റോഡ് പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സി.പി.എം ചാമക്കുളം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.