ചങ്ങനാശേരി: വരൾച്ച രൂക്ഷമായ പ്രദേശങ്ങളിലൊന്നായ കുറിച്ചിയിൽ ജലദൗർലഭ്യത്തിന് തെല്ലൊരാശ്വാസം നൽകുന്നതിന് വേണ്ടിയാണ് കഴിഞ്ഞ വർഷം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ചത്. എന്നാൽ നാളിതുവരെയായി ഒരു തുള്ളി വെള്ളം പോലും ടാങ്കിൽ നിറയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതേ കുറിച്ച് പരാതി ഉന്നയിക്കുമ്പോൾ ബന്ധപ്പെട്ടവർ കൈമലർത്തുകയാണെന്ന ആരോപണവും ശക്തമാണ്.
പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിൽ പലരും കിയോസ്കുകൾ സ്ഥാപിക്കാൻ സ്ഥലം വിട്ടുനൽകിയിരുന്നു. മൂന്നും നാലും സെന്റ് സ്ഥലം മാത്രമുള്ളവർ വരെ ടാങ്കിനായി സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. അധികൃതരുടെ പിടിപ്പുകേടുമൂലം തങ്ങളുടെ സ്ഥലം നശിക്കുകയാണെന്നും ടാങ്കിൽ വെള്ളം നിറയ്ക്കാൻ കഴിയില്ലെങ്കിൽ വാട്ടർടാങ്ക് എടുത്തുമാറ്റണമെന്നും സ്ഥലം വിട്ടുകൊടുത്തവർ പറയുന്നു.
അതേസമയം വാർഡുമെമ്പർമാരുടെയും ഓഡിറ്ററുടെയും സംയുക്തയോഗത്തിൽ പഞ്ചായത്തിന്റെ തനതുഫണ്ട് ഉപയോഗിച്ച് ടാങ്കിൽ ജലം നിറയ്ക്കാൻ നിർദ്ദേശമുണ്ടായി. വരൾച്ചാദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റവന്യൂ ഡിപ്പാർട്ടമെന്റിൽ നിന്നും പണം ലഭിക്കുമ്പോൾ ആ തുക തനതുഫണ്ടിലേക്ക് തിരിച്ചെടുക്കാവുന്നതാണെന്നും നിർദ്ദേശം ലഭിച്ചതായി പ്രതിപക്ഷ മെമ്പർമാർ പറയുന്നു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം യുദ്ധകാലടിസ്ഥാനത്തിൽ പരിഹരിക്കാൻ ഭരണസമിതി തയ്യാറാകണമെന്നും അതിനായി ജില്ലാ ഭരണകൂടത്തിന്റെ സഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.