lalam

പാലാ : ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി ളാലം ബ്ലോക്ക് പഞ്ചായത്ത് ഏറ്റുവാങ്ങി. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി എ.സി.മൊയ്തീനിൽ നിന്ന് പ്രസിഡന്റ് സിബി ഓടയ്ക്കലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2017-18 സാമ്പത്തിക വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായാണ് ളാലം ബ്ലോക്കിനെ തെരഞ്ഞെടുത്തത്.

2016-17 വർഷത്തെ ഒന്നാമത് ബ്ലോക്ക് പഞ്ചായത്തായിരുന്നു ളാലം. 2002-03, 2004, 2013,2015 വർഷങ്ങളിലും സ്വരാജ് ട്രോഫി നേടിയിരുന്നു. 2011-12 ലെ സശാക്തീകരൺ പുരസ്‌കാരവും 2011ൽ ദേശീയ നിർമ്മൽ പുരസ്‌കാരവും ളാലം ബ്ലോക്കിനായിരുന്നു. 2012-13 മുതൽ തുടർച്ചയായി 100% പദ്ധതി തുകയും വിനിയോഗിച്ച സംസ്ഥാനത്തെ ഏക ബ്ലോക്ക് പഞ്ചായത്താണിത്. വിദ്യാർത്ഥികൾക്കും വികലാംഗർക്കും വയോധികർക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുമായി നടപ്പാക്കിയ പദ്ധതികൾ, വൈദ്യുതി ഉപയോഗത്തിന് സ്ഥാപിച്ച സോളാർ സിസ്റ്റം, മാലിന്യ നിർമ്മാർജ്ജനത്തിന് സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്‌റെഡിംഗ് യൂണിറ്റ് എന്നിവ ബ്ലോക്കിന് നേട്ടങ്ങളായി. പത്രസമ്മേളനത്തിൽ പ്രസിഡന്റ് സിബി ഓടയ്ക്കൽ, വൈസ് പ്രസിഡൻറ് പൗളിറ്റ് തങ്കച്ചൻ, ബാബു എറയണ്ണൂർ സന്തോഷ് ജെ.കുര്യത്ത് എന്നിവർ പങ്കെടുത്തു.