ഈരാറ്റുപേട്ട:പൊതുഗതാഗതം പൊതുജനാരോഗ്യത്തിന്, ജനകീയ ട്രാൻസ്പോർട്ട്, ജനപക്ഷ വികസനം, സുഖ യാത്ര, സുരക്ഷിത യാത്ര എന്നീ ആശയങ്ങൾ ഉയർത്തിക്കൊണ്ട് ബസ് ഡേ ആചരിച്ചു. കെ.എസ് ആർ.ടി.എ ഈരാറ്റുപേട്ട നേതൃത്വത്തിൽ ഈരാറ്റുപേട്ട ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി ചരിത്രവും ഫോട്ടോ എക്സിബിഷനും നടത്തി. 1938-ൽ രാജകുടുംബാഗങ്ങളുമായി കവടിയാറിലേയ്ക്ക് ആദ്യ സർവീസ് നടത്തിയ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ ബസിന്റെ ഫോട്ടോയും പ്രദർശനത്തിൽ ഉണ്ടായിരുന്നു'
1929-ൽ പൊതു ഗതാഗതത്തിനായി ഉപയോഗിച്ച ബസ്, തമ്പാനൂർ, എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ പഴയ ഫോട്ടോകൾ, 1940- 45കളിൽ കൽക്കരി ഗ്യാസ് ബസ്, 1950-കളിൽ തിരുവിതാംകൂറിന് സർവീസ് നടത്തിയ ആദ്യ ട്രാൻസ്പോർട്ട് ബസ്, കെ എസ് ആർ ടി സി യുടെ പുതിയ തലമുറയിലെ പുത്തൻ ബസുകൾ എന്നിവയും പ്രദർശനത്തിനുണ്ട്.
ഫോട്ടോ പ്രദർശനത്തിന് കെ എസ് ആർ ടി എ ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡൻറ് കെ.എൻ സജി, സെക്രട്ടറി പി.കെ അനീഷ്, ട്രഷറർ കെ.റ്റി. ഷിബു എന്നിവർ നേതൃത്വം നൽകി. പ്രദർശനം കാണാൻ നൂറ് കണക്കിന് പൊതുജനങ്ങളും വിദ്യാർത്ഥികളും കെ എസ് ആർ ടി സി യിൽ നിന്ന് വിരമിച്ച ജീവനക്കാരും എത്തിയിരുന്നു