പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 2-3ം വാർഡിൽ കല്ലേക്കുളം കൂറ്റിലപ്പാറ പ്രദേശത്ത് വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ആരംഭിച്ച തീപിടുത്തം വൈകിട്ടോടെയാണ് അണക്കാൻ സാധിച്ചത്. ഫയർഫോഴ്സ് വന്നിരുന്നെങ്കിലും കുത്തനെയുള്ള കയറ്റമായതിനാൽ വാഹനത്തിന് കയറിപ്പോകാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഉദ്യോഗസ്ഥർ നാട്ടുകാരേടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തോട്ടക്കര ഫിലിപ്പ്, തെക്കൻചേരിൽ രാജു, കുന്നത്തുപറമ്പിൽ ബിനോയി, സജിത്ത് പടിയറ എന്നിവരുടെ സ്ഥലങ്ങളും പൂഞ്ഞാർ പള്ളിവക സ്ഥലവുമാണ് കത്തി നശിച്ചത്. ഏകദേശം 12 ഏക്കറോളം പ്രദേശത്ത് നാശനഷ്ടങ്ങളുണ്ടായതായി വാർഡ് മെമ്പർ ബിന്ദു സുരേന്ദ്രൻ പോളക്കുഴിയിൽ പറഞ്ഞു.