വൈക്കം: വരുംതലമുറയ്ക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടാതെ നേടിക്കൊടുക്കാൻ എസ്.എൻ.ഡി.പി യോഗത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ ശ്രീനാരായണീയ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മൂത്തേടത്തുകാവ് ശാഖയിൽ ഗുരുമന്ദിര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുധർമ്മത്തെ അധിഷ്ഠിതമാക്കിയുള്ള സംഘടനാ പ്രവർത്തനമാണ് എസ് എൻ.ഡി.പി യോഗം അനുവർത്തിച്ച് വരുന്നതെന്നും അതിന്റെ നേട്ടങ്ങളാണ് യോഗത്തെ ഇന്നത്തെ വളർച്ചയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തി. വി.എസ്.രാമകൃഷ്ണൻ, കെ.ടി. അനിൽകുമാർ, പി.പി.സന്തോഷ്, രാജേഷ് പി.മോഹനൻ, സന്ധ്യാ അശോകൻ, പി.വി.വിവേക്, ഷീജ സാബു എന്നിവർ പ്രസംഗിച്ചു.