house

പാലാ: 'ദൈവം എന്റെ പ്രാർത്ഥന കേട്ടു .... അടച്ചുറപ്പുള്ള ഒരു വീടിനായി കഴിഞ്ഞ 40 വർഷമായി കൊതിക്കുകയായിരുന്നു ഞാൻ.... നന്ദിയുണ്ട് , പാലാ നഗരസഭയിലെ എല്ലാ സാറുമ്മാരോടും .....' പാലാ മുനിസിപ്പൽ കൗൺസിലർ ബിജു പാലൂപ്പടവന്റെ കൈ ചേർത്തു പിടിച്ചു പറയുമ്പോൾ , നെല്ലിയാനി പുറ്റനാൽ റോസമ്മയുടെ കണ്ണുകളിൽ സന്തോഷാശ്രൂക്കൾ.

റോസമ്മ മാത്രമല്ല ,തെക്കും പാണ്ടിയിൽ സുജയും,ഉപ്പൂട്ടിൽ മോഹനനും ചക്കാംകുന്നേൽ സുമേഷും പീടിയേക്കൽ പ്രഭയുമുൾപ്പെടെയുള്ള ഏഴുപതോളം കുടുംബങ്ങൾ ഒരേ സ്വരത്തിൽ നന്ദി പറയുകയാണ്: തങ്ങളുടെ കൂരകളുടെയും, ചെറ്റക്കുടിലുകളുടേയും സ്ഥാനത്ത് മനോഹരമായ കൊച്ചു വീടുകൾ നിർമ്മിച്ചു നൽകിയതിന്.

പാവപ്പെട്ട കുടുംബങ്ങൾക്കായി അടുത്തിടെ പണി തീർത്ത 25 വീടുകളുടെ താക്കോൽ ദാനം 25-ാം തീയതി നടക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽപ്പെടുത്തി 68 വീടുകളുടെ നിർമ്മാണമാണിപ്പോൾ നടക്കുന്നത്. ഇതിൽ 25 എണ്ണം പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ളവയുടെ പണികൾ മൂന്നാഴ്ചയ്ക്കുള്ളിൽ തീർക്കുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ 'കേരള കൗമുദി' യോടു പറഞ്ഞു. ആദ്യഘട്ടം പദ്ധതി നടത്തിപ്പിനായി 3 കോടിയോളം രൂപ ചിലവഴിച്ചു.

രണ്ടാം ഘട്ടമായി 82 പുതിയ വീടുകൾ പണിയാനാണ് നഗരസഭ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ചെയർപേഴ്സൻ പറഞ്ഞു. ഇതിനായി മൂന്നേകാൽ കോടിയോളം രൂപാ ചിലവഴിക്കും.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഓരോ വീടിനും കേന്ദ്ര സർക്കാർ 1.5 ലക്ഷം നൽകും. അൻപതിനായിരം രൂപയാണ് സംസ്ഥാന സർക്കാരിന്റെ വിഹിതം. ഓരോ വീടിനും നഗരസഭ രണ്ട് ലക്ഷം രൂപാ വീതം നൽകും. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നൽകുന്ന ഇരുപത്തയ്യായിരം രൂപാ കൂടി ചേർത്ത് ഓരോ വീടിനും 4.25 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്.

25ന് പാലാ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ കെ.എം. മാണി എം.എൽ.എ, ജോസ്. കെ.മാണി എം.പി. തുടങ്ങിയവർ ചേർന്ന് 25 കുടുംബങ്ങൾക്ക് വീടിന്റെ താക്കോൽ കൈമാറും. ചെയർപേഴ്സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർമാർ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ആശംസകൾ നേരും.