pj-joseph-and-k-m-mani

കോട്ടയം:ലോക്‌സഭാ സീറ്റിനായുള്ള പി.ജെ. ജോസഫിന്റെ കടുംപിടിത്തം കേരള കോൺഗ്രസ് എമ്മിൽ സൃഷ്‌ടിച്ച പ്രതിസന്ധി തുടരുന്നു. 26ന് യു.ഡി.എഫ് നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷം രണ്ടിലൊന്നു തീരുമാനിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

ജോസഫിനെയും മാണിയെയും അനുനയിപ്പിക്കാൻ മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയ ശ്രമം ഫലിച്ചിട്ടില്ല.

യു.ഡി.എഫ് നൽകുന്ന ഒരു സീറ്റ് കോട്ടയമാണെങ്കിലും തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നാണ് ജോസഫിന്റെ പക്ഷം. കോട്ടയം വിട്ടുകൊടുക്കില്ലെന്നാണ് മാണിയുടെ നിലപാട്.

26ന് യു.ഡി.എഫിലെ ചർച്ചയ്‌ക്ക് ശേഷം മാണിഗ്രൂപ്പ് സ്റ്റിയറിംഗ് കമ്മിറ്റിയായിരിക്കും സ്ഥാനാർത്ഥിയെ തീരുമാനിക്കുക. സ്ഥാനാർത്ഥി നിർണയം പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് ഇരുവിഭാഗവും ഭയക്കുന്നു.

കോട്ടയം സീറ്റിൽ മാണിക്കും ജോസഫിനും സമ്മതനായ സ്ഥാനാർത്ഥിയെ തീരുമാനിക്കാമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശവും അംഗീകരിക്കപ്പെട്ടില്ല. ജോസഫ് ജയിച്ചാൽ പാർലമെന്ററി പാർട്ടി നേതാവാകും. അത് ജോസ് കെ. മാണിയുടെ അവസരം ഇല്ലാതാക്കും. അതിനാൽ ജോസഫ് മത്സരിക്കുന്നത് പൊളിക്കാൻ കെ.എം.മാണിയും മത്സര സന്നദ്ധത പ്രകടിപ്പിച്ചെന്നാണറിയുന്നത്.

ജോസഫ് മാണിയിൽ ലയിക്കുമ്പോൾ 3:1 അനുപാതത്തിൽ സ്ഥാനങ്ങൾ പങ്കിടണമെന്നായിരുന്നു നിബന്ധന. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതോടെ ലോക്‌സഭാ സീറ്റ് ജോസഫ് അവകാശപ്പെടുമ്പോൾ അങ്ങനൊരു മുൻ തീരുമാനം ഇല്ലെന്നാണ് ജോസ് കെ. മാണി പറയുന്നത്. ജോയി എബ്രഹാം രാജ്യസഭാംഗമായതിന്റെ തുടർച്ചയായി ജോസ് കെ. മാണിക്ക് അവസരം ലഭിച്ചതാണ്. അതും ലോക്‌സഭാ സീറ്റും കൂട്ടിക്കുഴയ്ക്കേണ്ടെന്നാണ് മാണി വിഭാഗത്തിന്റെ വാദം. ജോസഫ് അതംഗീകരിക്കുന്നില്ല.

അർഹമായ സീറ്റ് കിട്ടണം. 26ലെ ചർച്ചയ്‌ക്കു ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂവെന്നാണ് പി.ജെ.ജോസഫിനൊപ്പമുള്ള മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചത്.

മാണിഗ്രൂപ്പിലാകട്ടെ സ്ഥാനാർത്ഥി മോഹികളുടെ ഇടി മുറുകി. മുൻ എം.എൽ.എമാരായ സ്റ്റീഫൻ ജോർജ് തോമസ് ചാഴിക്കാടൻ എന്നിവർക്കു പുറമേ പ്രിൻസ് ലൂക്കോസും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പിലും രംഗത്തുണ്ട്. സമ്മർദ്ദതന്ത്രവുമായി ബിഷപ്പുമാരും സജീവമാണ്.