വൈക്കം : ദുരാചാരമായ നരബലി കേരള രാഷ്ട്രീയത്തിൽ കൊണ്ടുവന്നത് സി.പി.എമ്മാണെന്നും അതിന്റെ നേതാവ് പിണറായി വിജയനാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സി.പി.എം രാഷ്ട്രീയ കൊലപാതകങ്ങളുടെ ഘോഷയാത്ര നടത്തുമ്പോൾ മുഖ്യമന്ത്രി നവോത്ഥാന നായകന്റെ വേഷമിട്ട് നടക്കുകയാണ്. ബി.ജെ.പി ഇനിയും അധികാരത്തിലേറിയാൽ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്തിനും വലിയ വെല്ലുവിളിയാകും. കേരളത്തിലെ ഇരുപത് ലോക് സഭാ സീറ്റും നേടിയെടുക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു. ജനമഹായാത്രയ്ക്ക് വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ സമ്മേളനം കെ.സി.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, ഡോ. ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, കെ.ബാബു, രാജ്മോഹൻ ഉണ്ണിത്താൻ, ജോൺസൺ എബ്രഹാം, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, എ.എ.ഷുക്കൂർ, അഡ്വ.ടോമി കല്ലാനി, ജോഷി ഫിലിപ്പ്, അഡ്വ.പി.പി.സിബിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നലെ രാവിലെ വൈക്കത്ത് എത്തിയ ജനമഹായാത്രയെ പടിഞ്ഞാറെ ഗോപുര നടയിൽ നിന്നു നൂറു കണക്കിന് പ്രവർത്തകർ ചേർന്ന് സ്വീകരിച്ച് സമ്മേളന നഗരിയിലേക്ക് ആനയിച്ചു. വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, സേവാദൾ വാളന്റിയർമാരുടെ ബാന്റ് സെറ്റ് എന്നിവ അകമ്പടിയേകി. കാസർകോട്ട് വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയുമുണ്ടായിരുന്നു.