ഈരാറ്റുപേട്ട: സംസ്ഥാനത്തെ ആദ്യത്തെ ജനസൗഹൃദ ഓഫീസെന്ന നേട്ടം സ്വന്തമാക്കിയ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ സ്ത്രീശാക്തീകരണത്തിനും സാമൂഹിക സുരക്ഷക്കും കൃഷിക്കും ഊന്നൽ നൽകിയുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ലിസി തോമസ് അവതരിപ്പിച്ചു.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കായി 39.09 ലക്ഷം രൂപ, അംഗപരിമതർക്ക് സ്‌കോളർഷിപ്പ്, പൂഞ്ഞാർ ബഡ്‌സ്‌കൂൾ പൂർത്തീകരണം എന്നിവയോടൊപ്പം ആദ്യമായി ഭിന്നശേഷിക്കാർക്ക് കലോത്സവം സംഘടിപ്പിക്കുന്നതിനും തുക നീക്കിവച്ചിട്ടുണ്ട്. ഈയിനത്തിൽ 18 ലക്ഷം രൂപയാണ് വകയിരുത്തിയത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ ഉത്പന്നവിപണന കേന്ദ്രങ്ങളുടെ നിർമ്മാണത്തിനും പൂർത്തീകരണത്തിനുമായി 86.55 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.

ബ്ലോക്കിലും ഘടകസ്ഥാപനങ്ങളിലും വേസ്റ്റ് ബിൻ സ്ഥാപിക്കൽ, സ്‌കൂളുകളിൽ തുമ്പൂർമൂഴി മോഡലിൽ മാലിന്യസംസ്കരണം എന്നിവയ്ക്കായി 9.41 ലക്ഷം രൂപ, മുൻവർഷങ്ങളിൽ വിജയകരമായി നടപ്പാക്കിയ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മാണത്തിന് 26 ലക്ഷം രൂപ, അഗ്രോ സർവീസ് സെന്റർ, സ്‌കൂളുകളിലെ പച്ചക്കറികൃഷി പ്രോത്സാഹന പദ്ധതി, ക്ഷീരകർഷകര്‍ക്ക് സബ്‌സീഡി എന്നിവയ്ക്കായി 22 ലക്ഷം രൂപ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പരിശീലനം നല്‍കുന്നതിന് 1 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്.

പി.എം.എ.വൈ പദ്ധതിയിൽ 4.4 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 110 കുടുംബങ്ങൾക്ക് ഭവനനിർമ്മാണത്തിന് ധനസഹായം നൽകും. മെയിന്റനൻസ് ഫണ്ടിലുൾപ്പെടുത്തി വിട്ടുകിട്ടപ്പെട്ട സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി 48.96 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പ്രസിഡന്റ് പ്രേംജി. ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ തോമസ് വടകര, സജീവൻ ഗോപാലൻ, സൗമ്യ ബിജു, അംഗങ്ങളായ രോഹിണിഭായി ഉണ്ണികൃഷ്ണൻ, മോഹനൻ നായർ, എ.വി.സാമുവേൽ, ബിനോയ് ജോസഫ്, ആനിയമ്മ സണ്ണി, റോഷ്‌നി ടോമി, മറിയാമ്മ ഫെർണാണ്ടസ്, സിന്ധു ഷാജി, സെക്രട്ടറി എസ്. അജയരാജ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

 പ്രധാന ധനാഗമ മാർഗങ്ങൾ

 2019-20 വർഷത്തിൽ പദ്ധതി നിർവഹണത്തിനായുള്ള 4.73 കോടി രൂപ

 മെയിന്റനൻസ് ഫണ്ടിനത്തിലുള്ള 48.36 ലക്ഷം രൂപ

 ജനറൽ പർപ്പസ് ഫണ്ടിനത്തിൽ 44.93 ലക്ഷം രൂപ

 ദേശീയ തൊഴിലുറപ്പുപദ്ധതിയിൽ ലഭ്യമാകുന്ന 16.16 കോടി രൂപ

 എം.പി / എം.എൽ.എ ഫണ്ടുകളിൽ നിന്ന് ലഭ്യമാകുന്ന 4.75 കോടി രൂപ

 മറ്റു പ്രഖ്യാപനങ്ങൾ

 ലൈഫ് പദ്ധതിയുടെ വിഹിതമായി 1 കോടി രൂപ

 പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിനും ബോട്ടിൽ ബൂത്തിനും 19 ലക്ഷം രൂപ

 വ്യദ്ധജനങ്ങൾക്ക് പകൽവീട് നിർമ്മാണത്തിന് 10 ലക്ഷം രൂപ

 പട്ടികജാതി കോളനികളുടെ നവീകരണത്തിനായി 11.27 ലക്ഷം രൂപ

 സഞ്ചാരസൗകര്യത്തിന് വിവിധ പദ്ധതികളിലായി 4.55 കോടി രൂപ

 പാലിയേറ്റീവ് കെയർ, സെക്കൻഡറി പാലിയേറ്റീവ് കെയർ എന്നിവയ്ക്കായി 20.01 ലക്ഷം രൂപ