കോട്ടയം: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ഉദുമ എം.എൽ.എയുടെ പങ്കും അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കടുത്തുരുത്തിയിൽ ജനമഹായാത്രയ്ക്ക് നൽകിയ സ്വീകരണത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദുമ എം.എൽ.എയുടെ പങ്കിനെക്കുറിച്ച് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണൻ ഉന്നയിക്കുന്ന ആരോപണം ഗൗരവമുള്ളതാണ്. ഒരുമാസം മുമ്പ് കാസർകോട് ജില്ലാ സെക്രട്ടേറിയറ്റംഗം നടത്തിയ കൊലവിളിയുടെ വീഡിയോ ദ്യശ്യങ്ങളിൽ ഗൂഢാലോചന വ്യക്തമാണ്. സി.പി.എം പണവും നിയമസഹായവും വാഗ്ദാനം ചെയ്‌തെന്ന പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തലിലൂടെ കേസന്വേഷണം ഏത് ഗതിക്ക് പോകുമെന്ന് അനുമാനിക്കാൻ കഴിയും. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല.പൊലീസിനെ നിർഭയമായി പ്രവർത്തിക്കാൻ സി.പി.എമ്മുകാർ അനുവദിക്കില്ല. അന്വേഷണം പാളം തെറ്റാൻ സാദ്ധ്യതയുണ്ട്. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് ഏതറ്റംവരെയും പോകും. കേസ് വാദിക്കാൻ കോൺഗ്രസ് പ്രമുഖ അഭിഭാഷകസംഘത്തെ നിയമിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.