കോട്ടയം: പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലേയ്ക്കുള്ള ജില്ലയിലെ അപേക്ഷകളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. അപേക്ഷകളിൽ 12,018 എണ്ണം അപ്‌ലോഡ് ചെയ്തു. ദിവസവും ശരാശരി 20000 അപേക്ഷകളാണ് വിവിധ കൃഷിഭവനുകളിൽ ലഭിക്കുന്നത്. അപേക്ഷ നൽകാൻ സമയപരിധിയില്ലെങ്കിലും മാർച്ച് 31നകം നൽകിയില്ലെങ്കിൽ ആദ്യ ഗഡുവായ 2000 രൂപ ലഭിക്കില്ല. ഡിസംബർ മുതൽ മാർച്ച് 31 വരെയുള്ള മാസങ്ങളിലെ തുകയാണ് മാർച്ച് 31നകം അക്കൗണ്ടിലെത്തുക. അതിന് ശേഷം അപേക്ഷ നൽകിയാൽ ആദ്യ ഗഡു ലഭിക്കില്ല. ഈ 20 വരെ രജിസ്റ്റർ ചെയ്ത 4882 അപേക്ഷകർക്ക് 24ന് അക്കൗണ്ടിൽ പണമെത്തും.
ഒരു റേഷൻ കാർഡ് പ്രശ്നമല്ല
ഒരു റേഷൻ കാർഡിന് ഒരു അപേക്ഷ മാത്രം സ്വീകരിക്കാമെന്നായിരുന്നു ആദ്യ നിർദേശം. എന്നാൽ ഒരു റേഷൻ കാർഡിൽ പേര് ഉൾപ്പെട്ടാലും സ്ഥലം സ്വന്തം പേരിലുള്ള പ്രായപൂർത്തിയായവർക്ക് അപേക്ഷിക്കാം. നേരിട്ടെത്തിവേണം അപേക്ഷ നൽകാൻ.
വില്ലേജ് ഓഫീസിലും തിരക്ക്
കരം അടച്ച രസീത് വേണമെന്നതിനാൽ വില്ലേജ് ഓഫീസിൽ പൂരത്തിരക്കാണ്. നികുതി അടച്ച രേഖ നഷ്ടപ്പെട്ടവർ അതിനുള്ള സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും എത്തുന്നുണ്ട്. നികുതി പിരിവ് ശ്രമകരമായി തുടരുന്നതിനിടെ ഇപ്പോൾ ആളുകൾ സ്വയം എത്തുന്നതിനാൽ ഉദ്യോഗസ്ഥരുടെ തലവേദനയും ഒഴിവായി. ഇപ്രാവശ്യം നികുതി വരുമാനവും കൂടുമെന്ന് ഉറപ്പായി.
ഉദ്ഘാടനം 24ന്
പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം 24നാണ്. സംസ്ഥാനതല ഉദ്ഘാടനം തലയാഴം ശ്രീരഞ്ജിനി ഓഡിറ്റോറിയത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.