കോട്ടയം: കഞ്ചാവും മദ്യ - ലഹരി മാഫിയ സംഘങ്ങളും വീണ്ടും നഗരത്തിൽ പിടിമുറുക്കുന്നു. തിരുനക്കര മൈതാനത്ത് പട്ടാപ്പകൽ പോലും, പരസ്യമായി മദ്യപിക്കുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങളും മോഷ്‌ടാക്കളും തമ്പടിക്കുന്നതായാണ് വിവരങ്ങൾ. രാത്രിയിൽ വഴിയരികിൽ നിന്ന് കാൽനടയാത്രക്കാരനെ വരെ തടഞ്ഞു നിറുത്തി പരിശോധിക്കുന്ന പൊലീസ് ഇതൊന്നും അറിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

നേരത്തെ നഗരത്തിലുണ്ടായ കൊലപാതകങ്ങളെ തുടർന്ന് സാമൂഹ്യ വിരുദ്ധ സംഘങ്ങളെ പൊലീസ് അമർച്ച ചെയ്‌തിരുന്നു. എന്നാൽ, ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഇതേ സംഘങ്ങൾ സജീവമാകുകയാണ് നഗരത്തിൽ. തിരുനക്കര മൈതാനമാണ് ഇവരുടെ പ്രധാന താവളം. സാമൂഹ്യ വിരുദ്ധ സംഘങ്ങൾ മൈതാനത്ത് തന്നെയിരുന്നത് മദ്യപിക്കുന്നത് പതിവ് കാഴ്‌ചയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

തിരുനക്കരയിലെ കഞ്ചാവ് - ലഹരി സംഘങ്ങളും ഈ സാമൂഹ്യ വിരുദ്ധരുടെ ഇടയിൽ നുഴഞ്ഞു കയറിയാണ് കഴിയുന്നത്. തിരുനക്കര മൈതാനത്തിന് സമീപം പെട്ടിക്കട നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നേരത്തെ പൊലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടവഴികളിലൊന്നാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള തിയേറ്റർ റോഡ്. ഈ തിരക്കിനിടയിൽ പോലും സാമൂഹ്യ വിരുദ്ധ സംഘങ്ങൾ ഇവിടെ സജീവമായി എത്താറുണ്ട്. തിയേറ്ററിനു സമീപത്തെ ഇടവഴിയിൽ ഇവർ പരസ്യമായി മദ്യപിക്കുന്നത് പതിവാണ്.