mullapally

കോട്ടയം: കല്യോട്ട് ഇരട്ടക്കൊലപാതക കേസിൽ ഐ.ജി എസ്. ശ്രീജിത്തിന് അന്വേഷണ മേൽനോട്ട ചുമതല നൽകിയത് കേസ് അട്ടിമറിക്കാനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ടി.പി കേസിലും വരാപ്പുഴ കേസിലും കൃത്യമായ നടപടി എടുക്കാത്ത ഐ.ജി ശ്രീജിത്ത്, സി.പി.എം കുനിയാൻ പറഞ്ഞാൽ ഇഴയുന്ന ഉദ്യോഗസ്ഥനാണ്. ശബരിമല സ്ത്രീപ്രവേശന വിധിയെ തുടർന്നുള്ള രാഷ്ട്രീയ നാടകത്തിലെ മുഖ്യ നടൻ കൂടിയായ ശ്രീജിത്തിന് സത്യസന്ധമായി കുറ്റകൃത്യം തെളിയിക്കാൻ എന്തു യോഗ്യതയാണ് ഉളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോട്ടയത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ മുല്ലപ്പള്ളി പറഞ്ഞു.

കെവിൻ കേസ് അട്ടിമറിച്ച മുഹമ്മദ് റഫീക്കാണ് മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥൻ.

സർക്കാരിനു കീഴിലുള്ള ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചിട്ടു കാര്യമില്ല. സി.ബി.ഐ അന്വേഷണം വേണം. പാർട്ടി കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രവർത്തകർ ആയുധം താഴെവയ്‌ക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.