bar

കോട്ടയം: നിരാമയ റിട്രീറ്റ്‌സ് കുമരകത്ത് വേമ്പനാട് കായൽ തീരത്ത് പ്രവർത്തനം ആരംഭിച്ചു. തനതു കേരളീയ ശില്പകലാ ഭംഗിയിലുള്ള 27 വില്ലകളാണ് എട്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന നിരാമയയിലുള്ളത്. പൊതുവായ നീന്തൽ കുളത്തിന് പുറമേ ഓരോ വില്ലയ്ക്കു മുന്നിലും ചെറിയ നീന്തൽകുളവുമുണ്ട്. കുട്ടനാടൻ രുചിക്കൂട്ടുകൾക്കൊപ്പം ലോകോത്തര രുചികളുമായ റസ്റ്റോറന്റും യോഗ സെന്ററും ആയുർവേദ സെന്ററും സ്പായും വെൽനസ് സെന്ററുമെല്ലാം പ്രത്യേകതകളാണെന്ന് നിരാമയ ബിസിനസ് ഗ്രൂപ്പ് സി.ഇ.ഒ മനു റിഷി ഗുപ്‌ത പത്രസമ്മേളനത്തിൽ പറഞ്ഞു.

ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ട്, പ്രീമിയം വാട്ടർ ഫ്രണ്ട് വില്ലകൾ, ലക്ഷ്വറി പ്രൈവറ്റ് പൂൾ വില്ലകൾ, സുപ്പീരിയർലേക്ക് വ്യൂ വില്ലകൾ കായൽത്തീരത്തായി ഒരുക്കിയിരിക്കുന്നു. ജുപ്പീറ്റർ കാപ്പിറ്റലിന്റെ സംരംഭമായ നിരാമയയ്ക്ക് കുമരകത്തിന് പുറമേ കോവളത്തും തേക്കടിയിലും ജയ്‌പൂരിലും ഗോവയിലും സാന്നിദ്ധ്യമുണ്ട്. ഫോർട്ട് കൊച്ചിയിലും മൂന്നാറിലും ഉടൻ സാന്നിദ്ധ്യമറിയിക്കും. നിരാമയ റിട്രീറ്റ്‌സ് കുമരകം ജനറൽ മാനേജർ സി.ആർ. ജയചന്ദ്രൻ, മാർക്കറ്റിംഗ് തലവൻ എം.കെ. ധവളകാന്തി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.