കോട്ടയം: വാഹന പരിശോധനയ്ക്ക് ബൈക്ക് നിർത്തിയില്ലെന്നാരോപിച്ച് പിൻ തുടർന്നെത്തിയ പൊലീസ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ലിബിൻ കെ.ഐസക്കിനെ (34) മർദിച്ചതായി പരാതി. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്രയുടെ സമാപന സമ്മേളനത്തിനു ശേഷം വീട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്ന ലിബിനെ എം.സി റോഡിൽ മുളങ്കുഴ ജംഗ്ഷനിൽ വച്ച് പിന്നാലെ എത്തിയ പൊലീസ് തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മുളങ്കുഴ ജംഗ്ഷനിൽ പൊലീസിന്റെ വാഹന പരിശോധന ശ്രദ്ധിക്കാതെ ലിബിൻ കടന്നു പോയതിനാണ് മർദ്ദനമേറ്റത്. നൂറ് മീറ്റർ അപ്പുറത്ത് പിന്നാലെ പാഞ്ഞെത്തിയ പൊലീസ് വാഹനം ലിബിന്റെ ബൈക്ക് തടഞ്ഞ് നിർത്തുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മർദിക്കുകയായിരുന്നുവെന്ന് ലിബിൻ പറയുന്നു. മർദനം തടയാൻ ശ്രമിച്ചതോടെ മൂന്ന് പൊലീസുകാർ ചേർന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ വലിച്ച് കയറ്റി ചിങ്ങവനം സ്റ്റേഷനിലേയ്‌ക്ക് കൊണ്ടു പോയി. രാത്രിയിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ എത്തിയാണ് ജാമ്യത്തിൽ ഇറക്കിയത്. ഇന്നലെ പുലർച്ചെയോടെ അടിവയറ്റിൽ വേദന അനുഭവപ്പെട്ട ലിബിനെ വീട്ടുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആന്തരിക രക്തസ്രാവം കണ്ടതോടെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഇന്ന് ശസ്ത്രക്രിയ നടത്തും.
ലിബിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തിന് ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്‌ക്ക് മാർച്ച് നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ജോണി ജോസഫ് അറിയിച്ചു.