കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ ഭിന്നത മൂർച്ഛിക്കുന്നു. സീറ്റ് വേണമെന്ന കാര്യത്തിൽ പി.ജെ. ജോസഫും വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ കെ.എം മാണിയും ഉറച്ച് നിൽക്കുന്നതോടെ പാർട്ടി പിളപ്പിന്റെ വക്കിൽ. അതിനിടെ വർക്കിംഗ് ചെയർമാൻ കൂടിയായ പി.ജെ. ജോസഫ് ബിഷപ്പ് ഹൗസുകളിലും എൻ.എസ്.എസ് ആസ്ഥാനത്തുമെത്തികാര്യങ്ങൾവിശദമാക്കിയത് കെ.എം. മാണിയെ സമ്മർദ്ദത്തിലാക്കി. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും ജോസഫ് നേരിൽകണ്ടു.
കേരള കോൺഗ്രസിന് രണ്ട് സീറ്റ് വേണമെന്നാണ് ആവശ്യം. എന്നാൽ, കോട്ടയം അല്ലാതെ അധിക സീറ്റ് കൊടുക്കില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. അതോടെയാണ് കോട്ടയത്തെച്ചൊല്ലി മാണി ഗ്രൂപ്പിൽ തർക്കം തുടങ്ങിയത്. കോട്ടയം സീറ്റ് തങ്ങൾക്ക് വേണമെന്ന് ജോസഫ് വിഭാഗവും വിട്ടുകൊടുക്കില്ലെന്ന് കെ.എം മാണിയും നിലപാട് എടുത്തതാണ് പാർട്ടിയിൽ പ്രതിസന്ധി രൂപപ്പെട്ടത്.
സ്വതന്ത്രനാകാനും പി.ജെ
പാർട്ടിയിൽ കെ.എം.മാണിയുടെ വല്യേട്ടൻ മനോഭാവത്തിനെതിരെ പ്രതികരിച്ച പി.ജെ.ജോസഫ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണത്രേ. കെ.എം മാണി വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനും മടിക്കില്ലെന്നാണ് ജോസഫിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മൂവാറ്റുപുഴയിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ സ്വതന്ത്രനായി മത്സരിച്ച ചരിത്രവും ജോസഫിനുണ്ട്. മാണിഗ്രൂപ്പിലെ സീറ്ര് പ്രശ്നം പരിഹരിക്കാൻ മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഈയാഴ്ച വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ മദ്ധ്യസ്ഥ ശ്രമം ഉണ്ടാവുമെന്നാണ് കരുതുന്നത്. കോൺഗ്രസും മാണിഗ്രൂപ്പിലെ ഭിന്നത പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതൊന്നും വിജയിച്ചില്ലെങ്കിൽ പി.ജെ.ജോസഫ് രണ്ടും കല്പിച്ച് മത്സര രംഗത്ത് ഇറങ്ങുമെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.
കൈവിടാൻ മാണി
അതേസമയം, പാർട്ടിയിൽ നിന്ന് പി.ജെ. ജോസഫ് പോയാൽ പോകട്ടെ എന്ന നിലപാടിലാണ് കെ.എം മാണി എന്നാണ് അറിയുന്നത്. കോട്ടയം സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് മാണിയും വൈസ് ചെയർമാൻ ജോസ് കെ.മാണിയും ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പാർട്ടിക്ക് കിട്ടിയ ഏക രാജ്യ സഭാസീറ്റ് ജോസ് കെ.മാണിക്ക് കൊടുത്ത മാണി പാർലമെന്റ് സീറ്റ് തന്റെ വിഭാഗത്തിന് നല്കണമെന്നാണ് ജോസഫിന്റെ ആവശ്യം. എന്നാൽ തന്റെ ഗ്രൂപ്പിൽപ്പെട്ട ജോയി ഏബ്രഹാമിന്റെ രാജ്യസഭാ സീറ്റാണ് ജോസ് കെ.മാണിക്ക് നല്കിയതെന്നും അതിനാൽ ജോസ് കെ.മാണി പ്രതിനിധാനം ചെയ്ത കോട്ടയംസീറ്റ് തങ്ങൾക്കുതന്നെയെന്നുമാണ് മാണി പറയുന്നത്.
നീക്കം തടയാൻ
മകനെ പാർട്ടി ചെയർമാൻ ആക്കാനാണ് കെ.എം.മാണിയുടെ ശ്രമമെന്നും പാർട്ടിയിൽ തലമുതിർന്ന നേതാക്കൾ ഉള്ളപ്പോഴാണ് ഈ നീക്കമെന്നും അത് തടഞ്ഞില്ലെങ്കിൽ തങ്ങൾ പാർട്ടിയിൽ നിന്നിട്ട് കാര്യമില്ലെന്നും പി.ജെ. ജോസഫ് ബിഷപ്പുമാരോട് തുറന്നു പറഞ്ഞതെന്നാണ് അറിയുന്നത്. പാർട്ടിയിലെ ചില എം.എൽ.എമാരെ ടെലിഫോണിൽ വിളിച്ച് സൗഹൃദം ഉറപ്പാക്കുന്നുമുണ്ടത്രേ.
നിർണായക പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും യു.ഡി.എഫും. കേരള കോൺഗ്രസിലെ തർക്കം അവസാനിപ്പിക്കാൻ കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ മാണിയുമായും ജോസഫുമായും ചർച്ച നടത്തിയേക്കും.
കേരള കോൺഗ്രസ് എമ്മിലെ എം.എൽ.എമാർ:
ചങ്ങനാശേരി- സി.എഫ്.തോമസ്
പാലാ- കെ.എം.മാണി
തൊടുപുഴ- പി.ജെ.ജോസഫ്
കടുത്തുരുത്തി- മോൻസ് ജോസഫ്
ഇടുക്കി- റോഷി അഗസ്റ്റിൻ
കാഞ്ഞിരപ്പള്ളി- ജയരാജ്.