കോട്ടയം: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ലക്ഷങ്ങൾ ഇൻഷ്വറൻസ് തുക ലഭിക്കും. ജില്ലയിൽ ഇത്തരം അപകടങ്ങളുണ്ടായിട്ടുണ്ടെങ്കിലും പലർക്കും ഇക്കാര്യം അറിയാത്തതിനാൽ ക്ളെയിം വാങ്ങിയിട്ടുള്ളവർ വളരെക്കുറവാണ്.

തേർഡ് പാർട്ടി ഇൻഷ്വറൻസ് എടുക്കാതെ എണ്ണക്കമ്പനികൾക്കും വിതരണക്കാർക്കും പ്രവർത്തിക്കാനാവില്ല. എന്നാൽ ഇൻഷ്വറൻസ് പരിരക്ഷ ഉള്ള വിവരം അറിയിക്കാൻ ഇവർ താത്പര്യവും കാണിക്കുന്നില്ല. പാചകവാതക സിലിണ്ടറുകൾ വീട്ടിലെത്തുമ്പോൾ മുതൽ സമഗ്ര ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് ഉപഭോക്താവ് അർഹനാണ്. വീടുകൾ മാത്രമല്ല ഹോട്ടലുകൾ, കാന്റീനുകൾ മുതലായവയും കവറേജിൽപെടും. അപകട പരിരക്ഷ, ചികിത്സാ ചെലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. ഇതിനായി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ട.

കവറേജ് സംബന്ധിച്ച വിവരങ്ങൾ ഗ്യാസ് ഏജൻസി ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കണക്ഷൻ എടുക്കുമ്പോൾ ഒപ്പിട്ടു നൽകുന്ന സബ്സ്ക്രിപ്ഷൻ വൗച്ചറുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആരും വായിച്ചു നോക്കാറില്ലെന്ന് മാത്രം

നടപട‌ിക്രമം

 അപകടം വിതരണക്കാരെ രേഖാമൂലം അറിയിക്കണം

 അവർ എണ്ണ, ഇൻഷുറൻസ് കമ്പനികളെ അറിയിക്കും

 ക്ലെയിം ലഭിക്കുന്നതിന് വിതരണക്കാരൻ സഹായിക്കും

 അപകടം സംബന്ധിച്ച് എഫ്‌.ഐ.ആർ നൽകണം.

 ഫയർ ഫോഴ്സിന്റെ റിപ്പോർട്ട് ഇതിനൊപ്പം നൽകണം.

 കമ്പനിയിൽ നിന്ന് സർവെയറെത്തി നടപടിയെടുക്കും

നിബന്ധന
 ഗ്യാസ് ഏജൻസിയിൽ രജിസ്റ്റർ ചെയ്ത വിലാസത്തിൽ തന്നെഅപകടം നടക്കണം

 ഐ.എസ്‌.ഐ മാർക്കുള്ള ലൈറ്റർ, ഗ്യാസ് സ്റ്റൗ, ട്യൂബ് എന്നിവ ഉപയോഗിക്കണം

നഷ്ടപരിഹാരം

 മരിച്ചാൽ വ്യക്തിക്ക് പരമാവധി 6 ലക്ഷം രൂപ വീതം

 അടിയന്തര ചികിത്സാ സഹായം പരമാവധി 2 ലക്ഷം

 ഒരു അപകടത്തിന് പരമാവധി 30 ലക്ഷം രൂപ

 വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് 2 ലക്ഷം