ചങ്ങനാശേരി: പൂവംപള്ളി റോഡ് നന്നാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. വർഷങ്ങളായി തകർന്നുകിടക്കുന്ന ഈ റോഡിലൂടെ നാട്ടുകാർ ദുരിതയാത്രയാണ് നടത്തുന്നത്. കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിലൂടെയുള്ള യാത്ര തങ്ങളുടെ നടുവൊടിക്കുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. കിലോമീറ്ററോളം നീളത്തിൽ തകർന്നുകിടക്കുന്ന ഈ റോഡിൽ പൊടിശല്യവും രൂക്ഷമാണ്. ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവുകാഴ്ച്ചയാണ്. പ്രദേശവാസികൾക്ക് ചങ്ങനാശേരി ടൗണിൽ എത്താൻ ഏക ആശ്രയം ഈ റോഡാണ്. എന്നാൽ കാൽനട പോലും ദുഷ്‌കരമായ സാഹചര്യമാണ് ഇവിടുള്ളത്. റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടു വർഷങ്ങളായെന്നു പ്രദേശവാസികൾ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം പല ബസുകളും ഇതുവഴിയുള്ള സർവീസ് നിറുത്തലാക്കിയിരുന്നു. ഓട്ടോറിക്ഷകളും ഇതുവഴി പോകാറില്ല. ടൗണിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്നവർ കാൽനടയായാണ് തിരികെ വീടുകളിലേക്ക് എത്തുന്നത്. ആശുപത്രി സൗകര്യങ്ങൾ കുറവായതിനാൽ രാത്രി കാലങ്ങളിൽ ടൗണിലേക്ക് പോകുന്നതിനായി ഓട്ടം വിളിച്ചാൽ വാഹനങ്ങൾ എത്താത്തത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നു. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി തവണ പരാതികളുമായി ജനപ്രതിനിധികളെ സമീപിച്ചെങ്കിലും കയ്യൊഴിഞ്ഞതായി നാട്ടുകാർ പറയുന്നു. റോഡ് സഞ്ചാരയോഗ്യമാക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.