ചങ്ങനാശേരി :തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ 24,04,23,487.55 രൂപ വരവും 23,59,61,288 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേഴ്‌സി റോയി അവതരിപ്പിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. എല്ലാ മേഖലകളിലെയും പുരോഗതിക്കായി ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. കോട്ടമുറി പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഒരു കോടി രൂപ മുടക്കി പുതിയ ഐ.പി. കെട്ടിടവും മറ്റ് സൗകര്യങ്ങളും, മാരക രോഗം ബാധിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മരുന്ന് വാങ്ങാൻ ധനസഹായം, പൊതുവിദ്യാഭ്യാസരക്ഷണത്തിന്റെ ഭാഗമായി എൽ പി സ്‌കൂൾ കുട്ടികൾക്ക് സൗജന്യ പ്രഭാതഭക്ഷണം ഉൾപ്പടെ വിദ്യാഭ്യാസത്തിന് 41 ലക്ഷം രൂപ. ഭൂമിയുള്ള ഭവനരഹിതർക്ക് ലൈഫ് ഭവന പദ്ധതിയിൽ 3.50 കോടി രൂപ, വീട് വാസയോഗ്യമാക്കൽ 48 ലക്ഷം രൂപ, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം 1 കോടി രൂപ, കൃഷി 23 ലക്ഷം രൂപ, മൃഗസംരക്ഷണം 28 ലക്ഷംരൂപ, വയോജനക്ഷേമം 14 ലക്ഷം രൂപ, യുവാക്കൾ കുട്ടികൾ എന്നിവരുടെ കായികക്ഷമതയ്ക്ക് കൊക്കോട്ടുചിറയിൽ 6 ലക്ഷം രൂപ മുടക്കി ഓപ്പൺ ജിംനേഷ്യം, ഭിന്നശേഷിയുള്ളവരുടെ ക്ഷേമം 33 ലക്ഷം രൂപ, ശിശുക്ഷേമം 26 ലക്ഷം രൂപ, വനിതാ പദ്ധതി 30 ലക്ഷം രൂപ, മാലിന്യ നിർമ്മാർജനം 47 ലക്ഷം രൂപ, റോഡ് വികസനം 2 കോടി രൂപ, വിവിധ ആവശ്യങ്ങൾക്ക് സ്ഥലം വാങ്ങൽ 40 ലക്ഷം രൂപ, കുടിവെള്ളം ജലസംരക്ഷണം 23 ലക്ഷം രൂപ എന്നിവയാണ് പ്രധാന പദ്ധതികൾ.ബഡ്ജറ്റ് ചർച്ചയ്ക്ക് ശേഷം ഐക്യകണ്‌ഠേന കമ്മറ്റി പാസ്സാക്കി. സോണി ഫിലിപ്പ്, അനിത ഓമനക്കുട്ടൻ, ജെയിംസ് ജോസഫ്, എം കെ രാജു, കെ എ ജോസഫ്, കെ എൻ സുവർണ്ണകുമാരി, സിബി ജോസഫ്, അഡ്വ അജിത കെ രാജു, കെ കെ സുനിൽ, പി എസ് കലമോൾ, സെക്രട്ടറി എൻ ആർ മുരളീധരൻ നായർ, ഷാജിമോൻ എന്നിവർ പങ്കെടുത്തു.