കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ, യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ തിടനാട് തട്ടാരുപറമ്പിൽ സാജു മാത്യു (43) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.35 ന് എം.സി റോഡിൽ കോടിമത പാലത്തിന് സമീപമായിരുന്നു സംഭവം.
ഈരാറ്റുപേട്ടയിൽ നിന്ന് പുലർച്ചെ 7.15 ന് പുറപ്പെട്ട തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് കോട്ടയം ഡിപ്പോയിൽ യാത്രക്കാരെ ഇറക്കിയ ശേഷം യാത്ര തുടർന്നു. ബസ് കോടിമത പാലം കടക്കുന്നതിനിടെ ഡ്രൈവർ സാജുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. കടുത്ത നെഞ്ചുവേദനയ്ക്കിടെ ബസ് ഹാൻഡ് ബ്രേക്ക് ചെയ്‌ത് നിറുത്തി. അപ്പോഴേക്കും സാജു സ്റ്റിയറിംഗിലേക്ക് കുഴഞ്ഞു വീണിരുന്നു. അടുത്തേക്ക് ഉടൻ എത്തിയ കണ്ടക്ടർ തിടനാട് സ്വദേശി അനീഷും ബസിലുണ്ടായിരുന്ന ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ ടി.കെ. ലാലും ചേർന്ന് സാജുവിനെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറ്റിയിരുത്തി. യാത്രക്കാരായ രണ്ട് നഴ്‌സുമാർ ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ലാൽ യാത്രക്കാരടങ്ങിയ ബസിൽത്തന്നെ സാജുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിമിഷങ്ങൾക്കകം മരണം സംഭവിച്ചു. ബസിൽ ഇരുപത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് മൂന്നുമാസം മുൻപ് സാജുവിന് ആൻജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ : ജാൻസി, മകൾ : കാതറീൻ. സംസ്‌കാരം പിന്നീട്.