കോട്ടയം : കുട്ടികളുടെ ആശുപത്രിയിലെ മോഡുലാർ ശസ്ത്രക്രിയ തിയേറ്റർ 27ന് ഉദ്ഘാടനം ചെയ്യും. 1.50 കോടി രൂപ ചെലവിൽ നിർമ്മിച്ച തിയേറ്ററിൽ ഒരേ സമയം രണ്ടുപേർക്ക് ശസ്ത്രക്രിയ നടത്താം. അതേസമയം തിയേറ്റർ ശീതീകരിക്കാനുള്ള ജനറേറ്റർ ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പഴയ തിയറ്റർ പൊളിച്ചുമാറ്റിയാണ് പുതിയത് നിർമ്മിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി ഹൃദ്രോഗ വിഭാഗത്തിലും നെഫ്രോളജി വിഭാഗത്തിലുമാണ് ഇതിന് മുൻപ് മോഡുലാർ ശസ്ത്രക്രിയ തിയേറ്ററുണ്ടായിരുന്നത്. അണുബാധ സാദ്ധ്യതയില്ലാത്ത വിധം അത്യന്താധുനിക സൗകര്യങ്ങളോടെയാണ് തിയേറ്റർ. രണ്ടുവർഷം മുൻപാണ് തിയേറ്റർ നിർമ്മാണത്തിന്റെ ഭാഗമായി കുട്ടികളുടെ ആശുപത്രിയിലെ സാധാരണ ശസ്ത്രക്രിയകൾ നിറുത്തിവച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ശസ്ത്രക്രിയ തിയേറ്ററിലായിരുന്നു അടിയന്തിര ശസ്ത്രക്രിയകൾ നടത്തിയിരുന്നത്.