maram

യാത്രക്കാരില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി

വൈക്കം: സ്വകാര്യ പുരയിടത്തിൽ നിന്ന കൂറ്റൻ മരം പ്രധാന റോഡിലേക്ക് കടപുഴകിവീണു. സംഭവസമയത്ത് നിരത്തിൽ യാത്രക്കാരും വാഹനങ്ങളും ഇല്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി.വൈക്കം കൊച്ചു കവല വലിയ കവല റോഡിൽ ഫെഡറൽ ബാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ മരമാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ 11 കെ.വി ലൈനിന് മുകളിലൂടെ റോഡിലേക്ക് കടപുഴകി വീണത്. മരം വീണതിനെ തുടർന്ന് 11 കെ.വി ലൈൻ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് നിലത്ത് വീഴുകയും സ്ട്രീറ്റ് ലൈറ്റുകൾ തകരുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള വൈക്കം ഫയർ യൂണിറ്റ് എത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. മരം വീണതിനെ തുടർന്ന് 45 മിനിറ്റോളം ഗതാഗതം പൂർണമായി തടസപ്പെട്ടു. പൊലീസെത്തി ഇതുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.