വൈക്കം : രാജ്യത്ത് ഏറ്റവും കൂടുതൽ തുക കൃഷിക്കാർക്ക് പെൻഷനായി നൽകുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിമാസം 1200 രൂപയാണ് സംസ്ഥാന സർക്കാർ കാർഷിക പെൻഷനായി നൽകുന്നത്. കർഷകരോടൊപ്പം നിൽക്കുന്ന ഭരണകൂടമാണിത്. സർക്കാർ ആയിരം ദിനം പൂർത്തിയാക്കുമ്പോൾ കാർഷികമേഖല നേട്ടങ്ങളുടെ കുതിപ്പിലാണ്. 97 ശതമാനം വിഷരഹിത പച്ചക്കറി കേരളത്തിൽ ഉത്പാദിപ്പിക്കുന്നുവെന്നത് അഭിനന്ദനാർഹമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തലയാഴം ശ്രീരഞ്ജിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ പദ്ധതി വിശദീകരണം നടത്തി.