വൈക്കം : മഹാദേവ ക്ഷേത്രത്തിലെ മാശി അഷ്ടമി ഇന്ന് ആഘോഷിക്കും. ഉഷ:പൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം പുലർച്ചെ 4.30 നാണ് അഷ്ടമി ദർശനം. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരി , മേൽശാന്തിമാരായ ടി.ഡി നാരായണൻ നമ്പൂതിരി , ടി.എസ്.നാരായണൻ നമ്പൂതിരി , ശ്രീധരൻ നമ്പൂതിരി , അനൂപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. നിരവധി വേദപണ്ഡിതർ പങ്കെടുക്കുന്ന ഏകാദശ രുദ്രഘൃത കലശാഭിഷേകം, ശ്രീബലി, പ്രാതൽ എന്നിവയുമുണ്ട്. മാശി അഷ്ടമി നാളിൽ പിതാവായ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും ഒന്നിച്ചുള്ള എഴുന്നള്ളത്താണ് പ്രധാനം.

വൈകിട്ട് 4 ഓടെ ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ വൈക്കത്തപ്പനേയും പുറത്തേക്ക് എഴുന്നള്ളിക്കും. എഴുന്നള്ളിപ്പിന് വലിയ ചട്ടമാണ് ഉപയോഗിക്കുക. തിടമ്പ് ചേർത്ത് കട്ടിമാലകളും പട്ടുടയാടകളും ചേർത്ത് അലങ്കരിക്കും. വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒരുമിച്ച് കിഴക്കേ ഗോപുരം കടന്ന് വാഴമന, കള്ളാട്ടുശ്ശേരി, കൂർക്കശേരി എന്നിവിടങ്ങളിലേക്ക് യാത്രയാകും. ദേശാധിപതിയായ വൈക്കത്തപ്പൻ മകനുമൊന്നിച്ച് തന്റെ കൃഷിയിടങ്ങൾ കാണുന്നതിനാണ് ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തേക്ക് എഴുന്നള്ളുന്നതെന്നാണ് വിശ്വാസം. ഇവിടങ്ങളിൽ ഇറക്കി പൂജയും നിവേദ്യവുമുണ്ട്.

രാത്രി 10 ഓടെ എഴുന്നള്ളിപ്പ് ആറാട്ട് കുളങ്ങരയ്ക്ക് സമീപം എത്തുമ്പോൾ സ്വർണ്ണക്കുടയും വെഞ്ചാമരവും ആലവട്ടവും ഉൾപ്പടെയുള്ള അലങ്കാരങ്ങൾ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് ആരംഭിക്കും. അഷ്ടമി വിളക്കിനും വലിയ കാണിക്കയ്ക്കും ശേഷം ഒരു പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് കൊടിമരച്ചുവട്ടിൽ എത്തും. ഉദയനാപുരത്തപ്പൻ വൈക്കത്തപ്പനോട് യാത്ര ചോദിച്ച് പിരിയുന്നതോടെ ഉത്സവം സമാപിക്കും. ഈ സമയത്ത് ദുഖകണ്ഠാരം രാഗത്തിലാണ് നാദസ്വരം വായന.

ക്ഷേത്രത്തിൽ ഇന്ന്

രാവിലെ 4.30 ന് അഷ്ടമി ദർശനം, 6 ന് വൈക്കത്തപ്പൻ സംഗീത സേവാസംഘത്തിന്റെ പഞ്ചരത്ന കീർത്തനാലാപനം, 7 ന് പാരായണം, 9 ന് മരുത്തോർവട്ടം ബാബു, വൈക്കം വേണു ചെട്ടിയാർ എന്നിവരുടെ നാദസ്വരകച്ചേരി ,10 ന് ഏകാദശ രുദ്രഘൃത കലശാഭിഷേകം, 3 ന് സംഗീത കച്ചേരി ,5ന് ഓട്ടൻതുള്ളൽ , 6 ന് ഹിന്ദുസ്ഥാനി കച്ചേരി, 8 ന് സംഗീത സദസ്, 11ന് ചേർത്തല കെ.ആർ.കമ്മ്യൂണിക്കേഷന്റെ യക്ഷിക്കാവിലമ്മ ബാലെ, 2 ന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, വെടിക്കെട്ട്, ഉദയനാപുരത്തപ്പന്റെ യാത്രഅയപ്പ്.