കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ പിളർത്താൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസഫ് ഇടതു പക്ഷത്തിനൊപ്പം നിന്ന മാന്യനാണ്. മാണിയുടെ കൂടെ പോയെന്നുമാത്രം. ജോസഫ് ശക്തി തെളിയിക്കുകയും യു.ഡി.എഫിൽ നിന്ന് പുറത്തുവരികയും ചെയ്യുന്നെങ്കിൽ എൽ.ഡി.എഫിനൊപ്പം നിറുത്തണോ എന്ന് അപ്പോൾ ആലോചിക്കാമെന്നും വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
ചർച്ച് ആക്ട് നടപ്പാക്കാൻ ഇടതു മുന്നണി ആഗ്രഹിക്കുന്നില്ല. സഭാ നിയമത്തിനു പുറമേ മറ്റൊരു നിയമം ആവശ്യമില്ല. നിയമ പരിഷ്കരണ കമ്മിഷൻ വെബ്സൈറ്റിൽ കുറിപ്പു വന്നത് വച്ച് ഇടതു പക്ഷത്തിനെതിരെ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുകയാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ വീട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പോയതിൽ തെറ്റില്ല. സമുദായ സംഘടനകളോടും നേതാക്കളോടും സൗഹൃദ മനോഭാവമാണ് ഇടതു മുന്നണിക്ക്.
കണിച്ചുകുളങ്ങര പിൽഗ്രിം ടൂറിസം ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും മറ്റും പരസ്യമായാണ് വെള്ളാപ്പള്ളിയുടെ വീട്ടിൽ പോയത് .എൻ.എസ്.എസ് വാതിലുകൾ കൊട്ടിയടച്ചതുകൊണ്ടാണ് പോകാത്തത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നൽകാനുള്ള നീക്കം ബഹുജന പ്രക്ഷോഭത്തിലൂടെ തടയുമെന്നും അദ്ദേഹം പറഞ്ഞു.