municipality

വൈക്കം : നഗരസഭ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നഗരത്തെ മാലിന്യവിമുക്ത ക്ഷേത്രനഗരിയായി പ്രഖ്യാപിക്കും. നഗരം നേരിടുന്ന പ്രധാനവെല്ലുവിളിയായിരുന്നു മാലിന്യസംസ്കരണം. അയ്യർകുളങ്ങരയ്ക്ക് സമീപം ആളൊഴിഞ്ഞ കപ്പേളച്ചിറയിൽ മാലിന്യസംസ്കരണ പ്ലാന്റിനായി ആറര ഏക്കർ സ്ഥലം വർഷങ്ങൾക്ക് മുൻപ് നഗരസഭ വാങ്ങിയിരുന്നു. എന്നാൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് പകരം നഗരത്തിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം അവിടെ കൊണ്ടുചെന്ന് നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്. ഇതിനെ നാട്ടുകാർ എതിർത്തതോടെ നഗരത്തിൽ മാലിന്യനീക്കം നിലച്ചു.

കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മാലിന്യസംസ്കരണം. തുടർന്ന് അധികാരത്തിലേറിയ ഉടൻ കപ്പേളച്ചിറയിൽ തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് തുടക്കമിട്ടു.

നഗരത്തെ മാലിന്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മസേനാംഗങ്ങൾ വീടുകളിലെത്തി അജൈവമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലെത്തിക്കും. ഇവ തരംതിരിച്ച് സൂക്ഷിക്കാനായി എം.ആർ.എഫ് യൂണിറ്റ്, ഷ്രെഡ്ഢിംഗ് യൂണിറ്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. 18-ഓളം തുമ്പൂർമുഴി എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ വീടുകളിലും തുണി സഞ്ചിയും വിതരണം ചെയ്യും. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും മാലിന്യമില്ലാത്ത ക്ഷേത്രനഗരത്തിന്റെ പ്രഖ്യാപനവും 28 ന് ഉച്ചയ്ക്ക് 12 ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. അയ്യർകുളങ്ങരയ്ക്ക് സമീപമുള്ള മാലിന്യസംസ്കരണ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സി.കെ.ആശ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.

വിവിധയിനം പദ്ധതികൾ

പുല്ലുകുളത്ത് ലേഡീസ് ഹോസ്റ്റൽ നിർമ്മിക്കും

പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ്

ശ്രീമൂലം മാർക്കറ്റ് പുനർനിർമ്മിച്ച് നാട്ടുചന്ത പുനരാരംഭിക്കും

നഗരസഭാ ഓഫീസ് നവീകരിച്ച് ശതാബ്ദിസ്മാരക മന്ദിരമാക്കും

മുഴുവൻ വീടുകളിലും തേക്കിൻ തൈ വിതരണം ചെയ്യും

ഓണത്തോടനുബന്ധിച്ച് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കും