pj-joseph-and-k-m-mani

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.ജെ.ജോസഫ് താത്പര്യം പ്രകടിപ്പിച്ചതോടെ കേരളകോൺഗ്രസ് - എമ്മിൽ പ്രതിസന്ധി രൂക്ഷം. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നതിനു മുമ്പേ പത്രസമ്മേളനം നടത്തി, മത്സരിക്കാനുള്ള താത്പര്യം പരസ്യമാക്കിയതിനു പുറമേ, നിഷ ജോസ് കെ. മാണിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നു കൂടി ജോസഫ് പറഞ്ഞതിൽ കടുത്ത നീരസത്തിലാണ് മാണി.

ഒരു സീറ്റേ പാർട്ടിക്കു കിട്ടൂ എന്നു വ്യക്തമായ സാഹചര്യത്തിൽ നിഷയുടെ പേരു കൂടി വലിച്ചിഴച്ച് ഒരു മുഴം മുമ്പേ എറിഞ്ഞുള്ള ജോസഫിന്റെ കളി പാർട്ടിയിൽ പിളർപ്പുണ്ടാക്കാനുള്ള കൈവിട്ട കളിയായാണ് കരുതപ്പെടുന്നത്. ആ കളിക്കു നിന്നു കൊടുക്കരുതെന്ന് മാണി അടുപ്പക്കാരോട് പറഞ്ഞിട്ടുമുണ്ട്.

അതിനിടെ, ജോസഫിന്റെ പരാമർശം തിരുത്തി നിഷ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടും തന്റെ പേര് മന:പൂർവ്വം ഉപയോഗിച്ച് ആരൊക്കെയോ കളിക്കുകയാണെന്നാണ് നിഷ ആരോപിക്കുന്നത്. മത്സരിക്കാൻ പാർട്ടിയിൽ വേറെ ചുണക്കുട്ടന്മാരുണ്ടെന്നും കൂടി പറഞ്ഞത് ജോസഫിനു പകരം യുവാക്കളെ പരിഗണിക്കുകയാണെന്ന പരോക്ഷ സൂചനയായും വിലയിരുത്തപ്പെടുന്നു.

പാർട്ടിയിൽ സമ്മർദ്ദമുണ്ടാക്കി രണ്ടും കൽപ്പിച്ചുള്ള കളിയാണ് ജോസഫ് നടത്തുന്നത്. ഉന്നത കോൺഗ്രസ് നേതാക്കളുമായി സീറ്റു തർക്കം ചർച്ച ചെയ്തതതിനു പുറമേ വിവിധ രൂപതകളിലെ കത്തോലിക്കാ ബിഷപ്പുമാരെ ജോസഫ് ഇതിനകം സന്ദർശിച്ചു. എൻ.എസ്.എസ് ആസ്ഥാനത്തും എത്തി. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിനാൽ ലോക‌്സഭാ സീറ്റിന് താനാണ് അർഹനെന്നാണ് എല്ലായിടത്തും ജോസഫിന്റെ വാദം.

പാർട്ടിക്ക് ഒരു സീറ്റ് മാത്രം കിട്ടിയാൽ ജോസഫിന് നൽകാനാവില്ലെന്നും ജോസഫ് പോയാൽ പോകട്ടെയെന്നുമുള്ള കടുത്ത നിലപാടിലാണ് മാണി. ജോസഫ് പോയാൽ ജോസ് കെ മാണിക്ക് പാർട്ടി ചെയർമാനാകാൻ വഴി സുഗമമാകും. ഫ്രാൻസിസ് ജോർജും കൂട്ടരും വിട്ടതോടെ ജോസഫ് വിഭാഗം ദുർബലമായെന്നും മാണി വിലയിരുത്തുന്നു.

ഇടതു പക്ഷത്തുണ്ടായിരുന്ന പി.ജെ. ജോസഫ് മാന്യനായിരുന്നെന്നും, യു.ഡി.എഫ് വിട്ടുവന്നാൽ ഇടതു മുന്നണിയിൽ കൂട്ടുന്ന കാര്യം അപ്പോൾ ആലോചിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോട്ടയത്ത് ഇന്നലെ പറഞ്ഞതും ശ്രദ്ധേയമാണ്. മാണി ഗ്രൂപ്പുമായി തെറ്റി ജോസഫ് സ്വതന്ത്രനായി മത്സരിച്ചാൽ എൽ.ഡി.എഫ് പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടായേക്കാം. ഫ്രാൻസിസ് ജോർജ് വിഭാഗം നേതാക്കൾ വഴി ജോസഫ് ഇടതു നേതാക്കളുമായി ബന്ധപ്പട്ടുവെന്ന പ്രചാരണവും ശക്തമാണ്.