കോട്ടയം: പൊരിവെയിലിൽ നഗരം കരിഞ്ഞുണങ്ങുമ്പോൾ, ഇതിന്റെ ഇരട്ടി ചൂടാണ് ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർ അനുഭവിക്കുന്നത്. പൊരിവെയിലിൽ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർക്ക് കയറി നിൽക്കാൻ ഒരു ചെറു തണൽ പോലുമില്ല. നിലവിൽ കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ ഒഴികെ മറ്റൊരിടത്തും വെയിറ്റിംഗ് ഷെഡില്ല.
ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന ചന്തക്കവലയിൽ ചെറിയ തണലേകുന്നത് കടകളുടെ വരാന്തകളാണ്. എന്നാൽ, തുറന്നിരിക്കുന്ന കടകൾ വരാന്തകളെ ഷോറൂമുകൾ ആക്കുന്നതോടെ നട്ടുച്ചയ്‌ക്കു പോലും കയറിനിൽക്കാൻ ഒരു തണലില്ല. ബസ് സ്റ്റോപ്പുകളിലും, ഫുട്‌പാത്തുകളും വഴിയോരക്കച്ചവടക്കാർ കയ്യടക്കിയതോടെ ചന്തക്കടവിൽ നിന്ന് തിരിയാൻ പോലും ഇടമില്ല. ജനറൽ ആശുപത്രി, കോട്ടയം മാർക്കറ്റ് എന്നിവിടങ്ങളിലേയ്‌ക്ക് പോകാനുള്ള യാത്രക്കാരെല്ലാവരും ബസ് ഇറങ്ങുന്നത് ഈ ജംഗ്ഷനിലാണ്. ഇവിടെയാണ് ഏറ്റവും വലിയ പൊരിവെയിൽ അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരും ഇവിടെ എത്തിയാണ് ബസ് കയറുന്നത്. കോഴിച്ചന്ത റോഡിലെയും, അനുപമ തീയറ്ററിനു മുന്നിലെ റോഡിലും ഇതേ അവസ്ഥ തന്നെയാണ് സാധാരണക്കാരായ യാത്രക്കാർക്ക്.