പാലാ: മാർക്സിസ്റ്റ് പാർട്ടി നടത്തിയ കൊലപാതകങ്ങൾക്ക് ഒത്താശ ചെയ്ത കോൺഗ്രസ്സുകാരാണ് ഇപ്പോൾ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ രംഗത്തു വരുന്നതെന്ന് ബി ജെ പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ വധത്തിന് നേതൃത്വം നൽകിയ യഥാർത്ഥ പ്രതികളിലേയ്ക്ക് അന്വേഷണമെത്തിയപ്പോൾ കേസ് അട്ടിമറിച്ചവരാണ് കോൺഗ്രസുകാരെന്നും കേരളത്തിൽ സി പി എമ്മും കോൺഗ്രസ്സും തമ്മിൽ രഹസ്യധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാലാ നിയോജക മണ്ഡലത്തിലെ എൻ. ഡി.എ.തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം ളാലം പാലം ജംഗ്ഷനിൽ നടന്ന എൻ.ഡി.എ.യുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളോട് കേരളം മുഖം തിരിഞ്ഞു നിൽക്കുകയാണ്. അതിനാലാണ് കർഷകർക്ക് 6000 രൂപ ലഭിക്കുന്ന കിസാൻ സമ്മാൻ പദ്ധതിയിലൂടെ പണം നേരിട്ടു നൽകുന്നത്. ജനങ്ങൾക്ക് 5ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കുന്ന ആയുഷ്മാൻ പദ്ധതി കേരളം നടപ്പാക്കിയില്ല. നിരവധി സാധാരണക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാതെ പോയി. പദ്ധതി ഇനിയും നടപ്പാക്കിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരൻ തച്ചേട്ട് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.സി.തോമസ് മുഖ്യ പ്രഭാഷണം നടത്തി. ബി ജെ പി .ജില്ലാ പ്രസിഡന്റ് എൻ.ഹരി, മേഖല പ്രസിഡന്റ് എൻ.കെ.നാരായണൻ നമ്പൂതിരി, സംസ്ഥാന സമിതിയംഗം .ബി. വിജയകുമാർ, ലിജിൻ ലാൽ, എൻ.കെ.ശശികുമാർ,എൻ.ഡി.എ.നേതാക്കളായ എം.പി.സെൻ, കുരുവിള മാത്യു, ജെയിംസ് കുന്നപ്പള്ളി, ബിജി മണ്ഡപം, ഡോ.ഗ്രേസമ്മ മാത്യു, ഷാജി വെള്ളാപ്പാട്, ബിഡ്സൺ മല്ലികശ്ശേരി എന്നിവർ പ്രസംഗിച്ചു.