ചിങ്ങവനം: വിളവെടുക്കാൻ പാകമായ നെല്ല് പക്ഷികൾ കൂട്ടത്തോടെ തിന്നൊടുക്കിയതോടെ കർഷകർ പ്രതിസന്ധിയിൽ. 320 ഏക്കറുള്ള പള്ളം തൊള്ളായിരം പാടശേഖരത്തിലെ പുറത്തേക്കരി പാടത്തെ നെല്ലാണ് വെള്ളക്കൊക്കും താമരക്കോഴിയും ചേർന്ന് മത്സരിച്ചു തിന്ന് തീർത്തത്. ഈ പാടശേഖരത്തിലെ നെല്ല് തിന്നു തീർത്തതോടെ പക്ഷികൾ വിളഞ്ഞു കിടക്കുന്ന മറ്റ് പാടങ്ങളിലേക്ക് ചേക്കേറുമെന്ന ഭീതിയിലാണ് കർഷകർ. പുളിങ്കുന്ന് സ്വദേശിയായ കർഷകൻ 1,20,000 രൂപയ്ക്കാണ് ഇവിടെ കൃഷിയിറക്കിയത്. ഏക്കറിന് 20,000 രൂപാ നിരക്കിൽ കൃഷിയിറക്കിയ പാടശേഖരമാണ് പക്ഷികൾ തിന്നതിനെത്തുടർന്ന് തരിശ് കിടക്കുന്നത്. നൂറുമേനി വിളവ് പ്രതീക്ഷിച്ച കൃഷിയിടമാണ് ഇപ്പോൾ കർഷകർക്ക് ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടാക്കിയിരിക്കുന്നത്. കൃഷിയിടത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ ഫിഷ് ഫാമിന്റെ കാടുപിടിച്ചു കിടന്ന പരിസരത്ത് മുട്ടയിട്ട് പെരുകിയ പക്ഷികൾ തൊട്ടടുത്ത് കിടന്ന പാടത്തേക്ക് കടന്നതാണ് വിളവ് നശിക്കുന്നതിന് കാരണം. നൂറുക്കണക്കിന് താമരക്കോഴികൾ പറന്നിറങ്ങുന്ന ഭാഗത്തെ നെല്ലിന്റെ തണ്ടുൾപ്പെടെ നിമിഷനേരം കൊണ്ട് തിന്ന് തീർത്ത് അടുത്ത ഭാഗത്തേക്ക് ചേക്കേറും. ഇവയെ ഒാടിക്കാനുള്ള കർഷകരുടെ എല്ലാ ശ്രമവും പരാജയപ്പെടുകയുമാണ്. ഇനിയും 20 ദിവസങ്ങൾ കഴിഞ്ഞാൽ നെല്ല് വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. മണിക്കൂറിന് 1850 രൂപ നിരക്കിൽ കൊയ്ത്ത് യന്ത്രവും കർഷകർ ഇടപാടു ചെയ്തു കഴിഞ്ഞു. എന്നാൽ വിളവെടുക്കാറാകുമ്പോൾ എവിടെയൊക്കെ നെല്ല് ബാക്കിയുണ്ടാകും എന്ന ആശങ്കയിലാണ് കർഷകർ. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്താനായില്ലെങ്കിൽ നെൽകൃഷിയിൽ നിന്നും വിടപറയേണ്ടി വരുമെന്ന സ്ഥിതിയിലാണ് ഇവർ.