കുറവിലങ്ങാട്: പഞ്ചായത്തിലെ പത്തിലേറെ ചെറുകിട ജലപദ്ധതികളുടെയും സ്രോതസായ വലിയതോട്ടിൽ വേനൽക്കാലം അടുത്തതോടെ മാലിന്യപ്രശ്നം രൂക്ഷമായിരിക്കുകയാണ്. പ്രദേശവാസികളുൾപ്പെടെയുള്ളവരുടെ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ഒരിടമായി ഇന്ന് വലിയതോട് മാറിക്കഴിഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്, കുപ്പികൾ, സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള മാലിന്യത്തിന്റെ കേന്ദ്രമാണ് ഇവിടം. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനുള്ള പദ്ധതി പാളുകയും ചെയ്തതോടെ ആളുകൾ തോന്നുംപടിയാണ് മാലിന്യം നിക്ഷേപിക്കുന്നത്.പലസ്ഥലങ്ങളിലെയും ശുചിമുറികളിൽ നിന്നുള്ള മാലിന്യക്കുഴൽ ഒടുവിൽ എത്തുന്നത് വലിയത്തോട്ടിലേക്കാണ്. കഴിഞ്ഞ വർഷം കോഴാ മുതൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരെ തോട് വൃത്തിയാക്കുകയും ആഴം കൂട്ടുകയും ചെയ്തിരുന്നെങ്കിലും പിന്നീട് കനത്ത മഴയെത്തുടർന്ന് പലസ്ഥലത്തുനിന്നും മാലിന്യം ഒഴുകിയെത്തി തോട്ടിൽ നിറഞ്ഞു. വേനലാരംഭിച്ചതോടെ നീരൊഴുക്ക് കുറഞ്ഞത് മാലിന്യപ്രശ്നം രൂക്ഷമാക്കുകയും ചെയ്തു. തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് നിരോധിക്കണമെന്ന് നാട്ടുകാർ
ആവശ്യപ്പെടുന്നു.
വലിയോതോട് സംരക്ഷിക്കണം !
ഹരിതകേരളമിഷന്റെ സഹകരണത്തോടെ മീനച്ചിലാർ- മീന്തറയാർ കൊടുരാൻ പുനർസംയോജന പദ്ധതിയുടെ ഭാഗമായി കുറവിലങ്ങാട് നിന്നും പുന്നത്തുറ വരെ നീണ്ടു കിടക്കുന്ന കട്ടച്ചിറത്തോടിന്റെയും ചെറുതോടുകളുടെയും സംരക്ഷണത്തിനായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ വലിയതോടും അതിന്റെ ഭാഗമാണ്. മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട് , ഞീഴൂർ, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോടുകൾക്കാണ് ഈ പദ്ധതിയിലൂടെ പുതുജീവനേകുന്നത്. പഞ്ചായത്ത്, സ്കൂളുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. തോടുകളുടെ മേൽനോട്ടത്തിനായി ജനകീയ സമിതികൾ, തീരങ്ങളിൽ കൃഷിവ്യാപനത്തിന് പദ്ധതികൾ, ജലസംബന്ധമായ വിനോദപ്രവർത്തനങ്ങൾ, നീരൊഴുക്ക് നിലനിർത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ നടപ്പാക്കുകയാണ് ലക്ഷ്യം.