supply

കോട്ടയം : ഗൃഹോപകരണങ്ങൾ വൻവിലക്കുറവിൽ ജനങ്ങൾക്ക് നൽകാൻ ലക്ഷ്യമിട്ട് സപ്ലൈകോ ഗൃഹോപകരണ വിപണനരംഗത്തേക്ക്. സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹൈപ്പർ മാർക്കറ്റിൽ മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. പ്രളയത്തിൽ ഗൃഹോപകരണങ്ങൾ പൂർണമായും നശിക്കുകയും നഷ്ടപ്പെടുകയും ചെയ്ത കുടുംബങ്ങൾക്കായാണ് ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ വിപണിയിലെത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പർ മാർക്കറ്റുകളിലും കൊട്ടാരക്കര, ചേർത്തല പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പർ മാർക്കറ്റുകളിലും തൃശൂർ പീപ്പിൾസ് ബസാറിലും ആരംഭിച്ച വിപണനം കൂടുതൽ ഔട്ട് ലെറ്റുകളിലേക്ക് വ്യാപിപ്പിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.ഗോപകുമാർ ആദ്യവില്പന നിർവഹിച്ചു. എ.ഡി.എം സി.അജിത് കുമാർ, സപ്ലൈകോ റീജിയണൽ മാനേജർ ഗീതാകുമാരി എന്നിവർ പങ്കെടുത്തു.