deva

കുറവിലങ്ങാട്: ദേവമാതായിൽ വീണ്ടും സുഹൃദങ്ങൾ പൂത്തുലഞ്ഞു..! ദേവമാത കോളജ് ഇംഗ്ലീഷ് വിഭാഗത്തിനു കീഴിൽ ബിരുദ കോഴ്‌സുകൾ തുടങ്ങിയതിന്റെ അമ്പതു വർഷം പിന്നിട്ടതു പ്രമാണിച്ചു സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമം 50 ബിരുദ ബാച്ചുകളുടെയും 20 ബിരുദാനന്തര ബിരുദ ബാച്ചുകളുടെയും സംഗമവേദിയായി. എണ്ണൂറോളം പൂർവ വിദ്യാർഥികൾ സംഗമത്തിൽ പങ്കടുത്തു.
രാവിലെ സംഗമത്തിനെത്തിയ എല്ലാ ബാച്ചുകാർക്കും പ്രത്യേകമായി ഓർമകളിലേക്ക് തിരിച്ചുപോകാൻ കോളജ് അധികൃതർ ക്ലാസ് മുറികൾ സജ്ജമാക്കിയിരുന്നു. തുടർന്ന് പൂർവ വിദ്യാർഥികളും നിലവിലെ വിദ്യാർഥികളും അദ്ധ്യാപകരുമടക്കം കോളജ് ഓഡിറ്റോറിയത്തിൽ ഒരുമിച്ചു കൂടി. പ്രൊഫസർമാരായ എ.ജെ വർഗീസ്, വി.കെ വർക്കി, കെ.എം അബ്രഹാം, കെ.എം ചാക്കോ, റവ. ഡോ. ജോസഫ് സെബാസ്റ്റ്യൻ പരിയാത്ത്, ഡോ. ടി.ടി തോമസ്, ക്യാപ്റ്റൻ സിറിയക്ക് സെബാസ്റ്റ്യൻ, ആനീസ് തോമസ്, കെ.എം മേഴ്‌സിക്കുട്ടി തുടങ്ങിയവർ ആദരം ഏറ്റുവാങ്ങി.
അലൂമ്‌നി അസോസിയേഷെൻറ ഇംഗ്ലീഷ് ചാപ്റ്റർ കോളജ് മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ആദ്യ ബിരുദ ബാച്ച് വിദ്യാർഥി ലീലാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, പ്രൊഫ. കെ.എം ചാക്കോ, പൂർവ വിദ്യാർഥി പ്രതിനിധികളായ രാജേഷ് ടി. വർഗീസ്, എൻ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജെയ്‌സൺ പി. ജേക്കബ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സിസ്റ്റർ നിഷ കെ. തോമസ് നന്ദിയും പറഞ്ഞു.