budget

തലയാഴം: കൃഷിക്ക് പ്രാധാന്യം നൽകി 2019-20 സാമ്പത്തിക വർഷത്തെ തലയാഴം പഞ്ചായത്ത് ബഡ്ജറ്റ്.18,3900000 രൂപ വരവും 17,93,00000 രൂപ ചെലവും 45 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.റെജിമോൻ അവതരിപ്പിച്ചത്. തലയാഴം പഞ്ചായത്തിനെ സമ്പൂർണ്ണ കാർഷിക ഗ്രാമമാക്കുന്നതിന് തരിശായി ശേഷിക്കുന്ന 143 ഹെക്ടറിൽ കൂടിനെൽകൃഷി നടത്തും. ആകെ വിസ്തൃതിയുടെ 62 ശതമാനവും കരിനിലമാണ്. 1740 ഏക്കർ നിലത്തിൽ 1200 കർഷകരാണ് കൃഷി ചെയ്യുന്നത്. തരിശുനിലം കൃഷി യോഗ്യമാക്കുന്നതോടെ കർഷകരുടെ എണ്ണം1500 ആക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. തെങ്ങ് കൃഷി വ്യാപനത്തിനായി 45 ലക്ഷം രൂപ വിനിയോഗിച്ച് 250 ഹെക്ടറിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്.സമഗ്ര ജൈവ പച്ചക്കറികൃഷി, വാഴ കൃഷി, സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയുടെ കൃഷിയ്ക്കായും തുക വകയിരുത്തിയിട്ടുണ്ട്. ക്ഷീരവികസനം, മൃഗസംരക്ഷണത്തിനും പ്രാമുഖ്യം നൽകുന്ന ബജറ്റ് 150 ദിനം തൊഴിലുറപ്പിൽ തൊഴിൽ നൽകാനായി അഞ്ചുകോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ലൈഷൻ പദ്ധതിയുമായി ചേർന്ന് സമ്പുർണ ഭവന പദ്ധതിയ്ക്കായി 3,35,00000 ലക്ഷം രൂപയും വകയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുശീലകുമാരി, സന്ധ്യഅനീഷ്, ബി.രഘു, പഞ്ചായത്ത് അംഗങ്ങളായ പി.എസ്.പുഷ്കരൻ, പി.എസ്.മുരളീധരൻ, പി.സി.പുഷ്പരാജ്, ഷീജ ബൈജു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, ജില്ലാ പഞ്ചായത്തംഗം കെ.കെ.രഞ്ജിത്ത് പഞ്ചായത്ത് സെക്രട്ടറി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.