andhakarathodu

വൈക്കം: മാലിന്യ രഹിത ക്ഷേത്ര നഗരമായി വൈക്കത്തെ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങുന്നവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് തൊട്ട് മുന്നിലെ അന്ധകാരത്തോട്ടിലേക്ക് ഒരു നിമിഷം ഒന്നു നോക്കണം. നീരൊഴുക്കില്ലാതെ മാലിന്യം നിറഞ്ഞ്ചീഞ്ഞു നാറുകയാണ് ക്ഷേത്രനഗരിയുടെ ഹൃദയധമനീ.

മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ അന്ധകാരത്തോടിന്റെ കരയിലാണ് പണ്ട് തീണ്ടൽ പലക സ്ഥാപിച്ചിരുന്നത്. അതുവഴി വൈക്കം സത്യാഗ്രഹ സമര ചരിത്രത്തിലും ഇടം നേടിയ അന്ധകാരത്തോട് നഗര ശുചീകരണത്തിൽ വലിയ പങ്കാണ് വഹിച്ചിരുന്നത്. വേമ്പനാട്ടുകായലിൽ വേലിയേറ്റമുണ്ടാകുമ്പോൾ കണിയാംതോട് വഴി അന്ധകാരത്തോട്ടിലൂടെ വെള്ളം തെക്കോട്ടൊഴുകി കെ വി കനാലിലൂടെ കായലിലേക്കും വേലിയിറക്കത്തിൽ കെ.വി കനാലിൽ നിന്ന് കണിയാംതോട് വഴി തിരിച്ചും വെള്ളമൊഴുകിയിരുന്നു. അന്ധകാരത്തോട്ടിലൂടെ വള്ളത്തിൽ സഞ്ചാരവുമുണ്ടായിരുന്നു. കാലക്രമത്തിൽ തോടിന്റെ പല ഭാഗങ്ങളും ഇല്ലാതായി. അവിടെയെല്ലാം സ്വകാര്യ വ്യക്തികൾ നികത്തി കെട്ടിടങ്ങൾ പണിതു. ബാക്കിയായ ഭാഗം വീതി കുറഞ്ഞ് പേരിന് മാത്രം ഒരു തോടായി. നീരൊഴുക്കില്ലാതെ മാലിന്യങ്ങൾ കെട്ടിക്കിടന്ന് നഗരത്തെ ദുർഗന്ധപൂരിതമാക്കി. നാട്ടുകാർ ദീർഘകാലം സമരം ചെയ്തൊടുവിലാണ് തോട് നവീകരണത്തിന് പദ്ധതി തയ്യാറായത്. തോടിന്റെ ബാക്കിയായ ഭാഗങ്ങൾ മാലിന്യം നീക്കം ചെയ്ത് വശങ്ങളും അടിത്തറയും കോൺക്രീറ്റ് ചെയ്ത് കെവി കനാലിലേക്ക് നീരൊഴുക്കിന് സാഹചര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ അതും പൂർത്തിയായില്ല. നിലവിൽ സാംക്രമിക രോഗങ്ങൾ പടർത്താൻ പോന്ന വിധം മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് തോടിന്റെ നവീകരിച്ചതും അല്ലാത്തുമായ ഭാഗങ്ങളെല്ലാം.

കൈയേറ്റം അധികൃതരുടെ മൗനാനുവാദത്തോടെ

കാലാകാലങ്ങളിൽ റവന്യൂ, നഗരസഭ അധികൃതരുടെ ഒത്താശയോടെയാണ് അന്ധകാരത്തോട്ടിലെ കയ്യേറ്റങ്ങൾ നടന്നിട്ടുള്ളതെന്ന് ആരോപണമുണ്ട്. കണിയാംതോട് മുതൽ കെവി കനാൽ വരെയുള്ള അന്ധകാരത്തോടിന്റെ മദ്ധ്യഭാഗമാണ് പൂർണ്ണമായും നികത്തിയിട്ടുള്ളത്. തോടിന്റെ വീതികുറഞ്ഞു വരുമ്പോഴും പിന്നീട് നികത്തപ്പെടുമ്പോഴുമെല്ലാം വില്ലേജ്, നഗരസഭ അധികൃതർ അറിഞ്ഞമട്ട് നടിച്ചിട്ടില്ല. വൈക്കം, നടുവിലെ വില്ലേജുകളെ തമ്മിൽ വേർതിരിക്കുന്നത് അന്ധകാരത്തോടാണ്. അതുകൊണ്ട് തന്നെ പലയിടത്തും രണ്ടു വില്ലേജുകളെയും വേർതിരിക്കാൻ മാസ്റ്റർ പ്ലാനിൽ വരച്ച് വച്ചിരിക്കുന്ന തോട് മാത്രമാണാശ്രയം.

അന്ധകാരത്തോട് പുനരുദ്ധരിക്കണമെന്ന് ഹൈക്കോടതി

അന്ധകാരത്തോട്ടിലെ കയ്യേറ്റങ്ങൾക്കെതിരെ അഡ്വ.എസ്.ഉണ്ണികൃഷ്ണൻ കാലാക്കൽ, അഡ്വ.കെ.പി.റോയി, മാത്യു തിട്ടപ്പള്ളിൽ എന്നിവർ ചേർന്ന് നൽകിയ കേസിൽ അന്ധകാരത്തോടിന്റെ ഭാഗങ്ങൾ നാല് മാസത്തിനകം പുനരുദ്ധരിച്ച് ജലനിർഗ്ഗമനം സാദ്ധ്യമാക്കണമെന്ന് ഹൈക്കോടതി ജനുവരി 8 വിധിച്ചിരുന്നു. അന്ധകാരത്തോട് കടന്ന് പോയിരുന്നത് ഏതു വഴിക്കെല്ലാമെന്ന് ടൗൺ മാസ്റ്റർ പ്ലാനിലും പ്രദേശത്തെ പുരയിടങ്ങളുടെ ആധാരങ്ങളിലുമെല്ലാം വ്യക്തമാണ്. ഇത് അടിസ്ഥാനമാക്കി നടപടി സ്വീകരിക്കണമെന്നും തോടിന് പുനർജ്ജനി നൽകണമെന്നുമായിരുന്നു ഹർജ്ജിക്കാരുടെ ആവശ്യം. വിധിപകർപ്പ് ബന്ധപ്പെട്ട അധികൃതർക്ക് യഥാസമയം കൈമാറിയിരുന്നെങ്കിലും ഇതേവരെ നടപടിയൊന്നുമായിട്ടില്ല. ഹൈക്കോടതി നൽകിയ സമയപരിധിക്കകം അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരസഭയ്ക്കും റവന്യൂ അധികൃതർക്കുമെതിരെ കോടതീയലക്ഷ്യ നടപടികൾക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഹർജ്ജിക്കാർ.

മാലിന്യമില്ലാത്ത ക്ഷേത്രനഗരം - പ്രഖ്യാപനം ഇന്ന്

മാലിന്യമില്ലാത്ത ക്ഷേത്ര നഗരമായി വൈക്കം നഗരത്തെ ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ പ്രഖ്യാപിക്കും. മാലിന്യ സംസ്കരണ കേന്ദ്രത്തിനായി നഗരസഭ വാങ്ങിയ സ്ഥലത്ത് പ്ലാസ്റ്റിക് ഷ്രെഡ്ഢിംഗ് യൂണിറ്റും, എം.ആർ.എഫ് യൂണിറ്റും തുമ്പൂർമൊഴി എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിനും അവ തരം തിരിക്കുന്നതിനും ഹരിത കർമ്മ സേനയും സജ്ജമാണ്. പൊതുസ്ഥലങ്ങളിൽ നിന്ന് മാലിന്യം ലേഖരിക്കുന്നതിനുള്ള സംവിധാനം നേരത്തേ തന്നെയുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് മാലിന്യമില്ലാത്ത ക്ഷേത്ര നഗരത്തിന്റെ പ്രഖ്യാപനം. നഗരസഭയുടെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്യും. അയ്യർകുളങ്ങരക്ക് സമീപമുള്ള സംസ്കരണ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സി.കെ.ആശ എം. എൽ. എ. അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ പി.ശശിധരൻ സ്വാഗതം പറയും.