കോട്ടയം: ജോഷി മാത്യു സംവിധാനം ചെയ്ത ‘അങ്ങ് ദൂരെ ഒരു ദേശത്തിന് ലഭിച്ച മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കോട്ടയത്തിനുള്ള അംഗീകാരമായി.
കോട്ടയംകാരനായ കാമറാമാൻ വേണു സംവിധാനം ചെയ്ത 'കാർബൺ' നാല് അവാർഡ് നേടിയതാണ് മറ്റൊരു നേട്ടം. മികച്ച കാമറാമാൻ, സംഗീത സംവിധായകൻ , ശബ്ദ ഡിസൈനർ, ലാബ് (കളറിസ്റ്റ്) അവാർഡുകളാണ് കാർബണ് ലഭിച്ചത്.
2012 ൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ജോഷി മാത്യുവിന്റെ 'ബ്ളാക്ക് ഫോറസ്റ്റിന് ' ലഭിച്ചിരുന്നു. സംസ്ഥാന അവാർഡും ക്രിട്ടിക്സ് അവാർഡും ഈ ചിത്രത്തിന് കിട്ടി. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയ്ക്ക് ഫിപ്രസി അവാർഡ് ലഭിച്ചു. ഇനിയും പ്രദർശനത്തിനെത്താത്ത അങ്ങ് ദൂരെ ഒരു ദേശത്തിന് കൽക്കട്ട ഫിലിംഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്കും പൂന ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിലേക്കും സെലക്ഷൻ ലഭിച്ചിട്ടുണ്ട്. പാരീസ് സിനി ലിങ്ക് ഫെസ്റ്റിവൽ, റെയിൻ ഫോറസ്റ്റ് ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്നിവയിലും ചിത്രം പ്രദർശിപ്പിക്കും.
കോൺഗ്രസ് നേതാവും മുൻ എം.പിയുമായ പാലാ കെ.എം.മാത്യുവിന്റെ മകനാണ് ജോഷി. കാമറാമാനായ വേണുവിനെ നായകനാക്കി കോളേജ് പഠനത്തിനിടയ്ക്ക് 1975 ൽ ‘ദ യൂത്ത്’ എന്ന ഹ്രസ്വചിത്രമെടുത്താണ് ജോഷി മാത്യു സിനിമയിലേയ്ക്ക് ചുവട് വയ്ക്കുന്നത്. പത്മരാജന്റെ പെരുവഴിയമ്പലത്തിൽ സംവിധാന സഹായിയായിരുന്നു .‘ഇന്നലെ’, ‘ഞാൻ ഗന്ധർവൻ’ എന്നീ ചിത്രങ്ങളിലും പത്മരാജനോടൊപ്പം പ്രവർത്തിച്ചു.
കേരള സംഗീതനാടക അക്കാഡമി അംഗം,കേരള ചലച്ചിത്രവികസന കോർപ്പറേഷൻ അംഗം, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയത്തെ ‘നവയുഗ് ചിൽഡ്രൻസ് തിയേറ്റർ ആൻഡ് മൂവി വില്ലേജ്’ എന്ന കുട്ടികൾക്കായുള്ള കലാ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. ഈത്മ ഫിലിം സൊസൈറ്റി ചെയർമാനാണ് .