പാലാ : വാഹനാപകടത്തിൽ മകൻ നഷ്ടപ്പെട്ട മേലുദ്യോഗസ്ഥന്റെ നിരാശ, ഒടുവിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ച ആ ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദു:ഖം. മനസിലെ ഉണങ്ങാത്ത ഈ നീറ്റലാണ് കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഷാജഹാനെ കേരളമൊട്ടാകെ 'ജീവൻരക്ഷായാത്ര" എന്ന സന്ദേശവുമായി ഇറങ്ങിത്തിരിക്കാൻ പ്രേരിപ്പിച്ചത്. ഫെബ്രുവരി 10ന് കുണ്ടറയിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്ത് സൈക്കിളിലാരംഭിച്ച യാത്ര കേരളത്തിലെ 14 ജില്ലകളിൽ കൂടി 1645 കി.മീ.പിന്നിട്ട് കുണ്ടറയിൽ ഇന്നലെ സമാപിച്ചു. ഒാരോ ജില്ലകളിലേയും പ്രധാന സ്ഥലങ്ങളിൽ അതാതു സ്ഥലത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാത്രയുടെ ഉദ്ദേശവും ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ബോദ്ധ്യപ്പെടുത്തി. ഒന്നിനും സമയമില്ലാതെ ചീറിപ്പായുന്ന സമൂഹത്തിൽ തന്നെക്കൊണ്ടാവും വിധം സ്‌നേഹസന്ദേശം നല്കി വ്യത്യസ്തനാവുകയാണ് ഷാജഹാൻ എന്ന ഈ പൊലീസുകാരൻ.