കോട്ടയം: എല്ലാവരും വണ്ടി വിളിച്ചിങ്ങ് പോരേ, 'കോട്ടയം നൈറ്റ്സ്" മാത്രമല്ല 'കോട്ടയം ഡെയ്സും' കുറച്ചു ദിവസത്തേയ്ക്ക് ത്രില്ലിംഗാണ്. പ്രളയത്തെ അതിജീവിച്ച നാടിന്റെ ഉയിർപ്പുത്സവം കൂടിയായി മാറും ഇന്ന് ആരംഭിക്കുന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവം.
ഇന്ന് മുതൽ മാർച്ച് നാല് വരെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പതിനായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. പ്രളയത്തിൽ നിന്ന് തുഴയെറിഞ്ഞ് കൈപിടിച്ചുയർത്തിയവരോടുള്ള സ്നേഹാദരവായി 'അലത്താളം എന്നാണ് കലോൽസവത്തിന് പേരിട്ടിരിക്കുന്നത്. നഗരത്തിൽ നിറവസന്തം തീർക്കുന്ന ഘോഷയാത്രയോടെയാണ് കലോൽസവം ആരംഭിക്കുക. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ സാബു തോമസ് മുഖ്യപ്രഭാഷണംനടത്തും. ചലച്ചിത്ര താരങ്ങളായ മിയ , അനൂപ് ചന്ദ്രൻ, മോട്ടിവേഷൻ സ്പീക്കർ തസ്‌വീർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
ഇന്നത്തെ കാഴ്ചകൾ
പ്രധാന വേദിയാണ് തിരുനക്കര മൈതാനം. സി.എം.എസ്, ബി.സി.എം, ബസേലിയസ് കോളേജുകളിൽ പല വേദികളും ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴിന് മത്സരങ്ങൾ ആരംഭിക്കും. തിരുനക്കര മൈതാനിയിൽ തിരുവാതിരകളി, സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ മൈം, ബസേലിയസ് കോളേജ് ആഡിറ്റോറിയത്തിൽ കേരളനടനം എന്നിവയാണ് മത്സരങ്ങൾ.