ani

കോട്ടയം: മികച്ച ശബ്ദ ലേഖനത്തിനുള്ള പുരസ്കാരം നേടിയ അനിൽ രാധാകൃഷ്ണൻ പൊൻകുന്നം പനമറ്റം സ്വദേശിയാണ്. മാടത്താനിൽ എം.കെ. രാധാകൃഷ്ണന്റെയും ഗീതാ രാധാകൃഷ്ണന്റെയും മകനാണ് രാമുവെന്ന അനിൽ . 2009ൽ റോഡ് എന്ന സിനിമയിൽ സൗണ്ട് റെക്കോർഡിസ്റ്റായാണ് തുടക്കം. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ സിനിമകൾക്കും ഷോർട്ട് ഫിലിമുകൾക്കും പരസ്യചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും സൗണ്ട് ഡിസൈനറായും സൗണ്ട് റെക്കോഡിസ്റ്റായും പ്രവർത്തിച്ചു. രാംഗോപാൽ വർമ, അമിതാ ബച്ചൻ, അമീർ ഖാൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാനും ഭാഗ്യം സിദ്ധിച്ചു. മുംബൈയിലാണ് ഇപ്പോൾ താമസം. ഫിസിക്‌സിൽ ബിരുദധാരിയായ അനിൽ പൂന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഓഡിയോഗ്രഫിയിൽ പി.ജി നേടിയിട്ടുണ്ട്. രേഷ്മയാണ് ഭാര്യ. മൂത്ത സഹോദരൻ രാഹുൽ കോരുത്തോട് സി.കെ.എം.എച്ച്.എസിൽ അദ്ധ്യാപകനാണ്.