കോട്ടയം : കോടിമത ചന്തയിൽ ആധുനിക അറവുശാല നിർമ്മിക്കാൻ നഗരസഭ തീരുമാനം. പ്രാഥമിക ചെലവിനായി 30 ലക്ഷം രൂപ നീക്കിവച്ചു. തൃശൂർ വെറ്ററിനറി സർവകലാശാല മാതൃകയിലാണ് നിർമ്മാണം. സംസ്ഥാനത്തെ മികച്ച അറവുശാലകളിൽ ഒന്നാണ് തൃശൂർ വെറ്ററിനറി സർവകലാശാലയിലേത്. വെറ്ററിനറി സർവകലാശാലയും നഗരസഭയും ചേർന്നാണ് നിർമ്മാണം. മാടുകളെ കൊല്ലാനും കശാപ്പു ചെയ്യാനും അത്യന്താധുനിക യന്ത്രസംവിധാനങ്ങളാണ് പ്രധാന പ്രത്യേകത. കോടിമതയിൽ എം.എൽ റോഡിൽ ചന്തയിലെ പഴയ അറവുശാല അടച്ചുപൂട്ടും. കോടിമത പച്ചക്കറിച്ചന്തയ്ക്ക് സമീപമാണ് പുതിയത് സ്ഥാപിക്കുക. മാടുകളെ ലോറിയിൽ ഇറക്കിയാൽ ഇവിടെ കെട്ടാനും മറ്റും സ്ഥല സൗകര്യവുമുണ്ട്. കെട്ടിയിട്ട് അറക്കുമ്പോൾ മാടുകൾ പേടിച്ച് ഇറച്ചി വിഷമയമാകാനുള്ള സാഹചര്യവും ഒഴിവാകും.
ഗുണങ്ങളേറേ
മാടുകളെ അറക്കുമ്പോൾ മാംസാവശിഷ്ടങ്ങളും മറ്റും തറയിൽ വീണ് പരിസരമാകെ മലിനമാകുന്ന അവസ്ഥ മാറും. നഗരത്തിൽ പഴയ അറവുശാലയ്ക്കുമാത്രമേ ലൈസൻസുള്ളൂ. അറവുശാല മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനും ഇപ്പോൾ നഗരത്തിൽ ഉചിതമായ സംവിധാനമില്ല. പുതിയ അറവുശാലയിൽ മാലിന്യ സംസ്‌കരണത്തിനും സൗകര്യമുണ്ട്. ദിവസവും വലിയ തോതിൽ മാടുകളെ അറക്കാനും കച്ചവടം നടത്താനും കഴിയും. ഇറച്ചി സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജ് സംവിധാനവും ഒരുക്കും.