കോട്ടയം: കോട്ടയം നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫിയെ ഒരു കൂട്ടം ആളുകൾ ഭീഷണിപ്പെടുത്തിയതായി പരാതി. ഇന്നലെ രാത്രി 9.30ന് വൈ.എം.സി.യിലെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ഭീഷണി. എം.ജി കലോത്സവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നഗരസഭയുടെ പ്രത്യേക സ്‌ക്വാഡ് ഇത് നീക്കം ചെയ്തു. ഇതിൽ പ്രകോപിതരായ ആളുകളാണ് ഭീഷണിപ്പെടുത്തിയതെന്ന് മുഹമ്മദ് ഷാഫി പൊലീസിന് നല്കിയ മൊഴിയിൽ പറയുന്നു. വിവരമറിഞ്ഞെത്തിയ നഗരസഭ രാത്രികാല സ്‌ക്വാഡ് അംഗങ്ങളും അതിക്രമിച്ച് കയറിയവരും തമ്മിൽ വാക്കുതർക്കവും ചെറിയ തോതിൽ സംഘർഷവുമുണ്ടായി. പൊലീസെത്തും മുൻപെ സംഘം രക്ഷപ്പെട്ടു.