പാലാ: നഗരത്തിൽ ഇലയനങ്ങിയാൽ ഇനി പാലാ നഗരസഭാധികൃതരും പൊലീസും അറിയും. നഗരത്തിൽ അങ്ങോളമിങ്ങോളമായി സ്ഥാപിച്ചിരിക്കുന്ന പതിനഞ്ചോളം സിസി.ടി.വി. കാമറകൾ നഗര ചലനം അപ്പാടെ അതത് നിമിഷങ്ങളിൽ ഒപ്പിയെടുത്തു കൊണ്ടിരിക്കുകയാണ്.
മുനിസിപ്പാലിറ്റിയുടെ പ്ലാൻ ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപാ ചിലവഴിച്ചാണ് കാമറകൾ സ്ഥാപിച്ചത്. സ്റ്റേഡിയം ജംഗ്ഷൻ, ടൗൺ ബസ് സ്റ്റാൻഡിന്റെ മുൻവശം എന്നിവിടങ്ങളിൽക്കൂടി ഉടൻ കാമറകൾ വെയ്ക്കുന്നതോടെ പദ്ധതി പൂർണമാകും. മുനിസിപ്പൽ ഓഫീസിൽ ചെയർപേഴ്സന്റെ ചേംബറിലും, പൊലീസ് സ്റ്റേഷനിലും മോണിട്ടറിംഗ് നടത്താം. ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ സ്ക്രീനിൽ നഗരകാഴ്ചകൾ അപ്പപ്പോൾ വന്നുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യങ്ങൾ തടയുക, മാലിന്യം നിക്ഷേപിക്കുന്നവരെ തിരിച്ചറിയുക എന്നതിനൊപ്പം മോഷണം ഉൾപ്പെടെയുള്ള മറ്റു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായാൽ എളുപ്പത്തിൽ തെളിവുകൾ ശേഖരിക്കാനും ഇനി നിയമപാലകർക്ക് കഴിയും. സൂക്ഷ്മമായ ദൃശ്യങ്ങൾ കൂടി ഒപ്പിയെടുക്കും വിധമാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ മദ്യപിച്ച് ചിലർ ശല്യമുണ്ടാക്കുന്നത് തത്സമയം കാമറയിൽ കണ്ട പൊലീസ് സത്വര നടപടികൾ സ്വീകരിച്ചിരുന്നു.